നോട്ട്ക്ഷാമം പരിഹരിക്കാന്‍ നടപടികളുമായി കേന്ദ്രസ‍ർക്കാർ

നോട്ട്ക്ഷാമം പരിഹരിക്കാനുള്ള നടപടികളുമായി കേന്ദ്രസ‍ർക്കാർ. പിഒഎസ് മെഷീനുകളൂടെ 2,000 രൂപ വരെ പിൻവലിക്കാൻ എസ്ബിഐ അനുമതി നൽകി. പ്രതിസന്ധി പരിഹരിക്കാൻ 5,100 കോടി രൂപയുടെ നോട്ടുകൾ ഹൈദരാബാദിൽ എത്തിച്ചെന്നും കേന്ദ്രധനമന്ത്രാലയം അറിയിച്ചു
എടിഎമ്മുകൾ പണമില്ലാത്ത പ്രതിസന്ധി മറികടക്കാനാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നടപടി. രാജ്യത്തെ 4.78 ലക്ഷം പിഒഎസ് മെഷീനിൽ നിന്ന് ഡെബിറ്റ് കാർഡുടമകൾക്ക് രണ്ടായിരം രൂപ വരെ പിൻവലിക്കാം.

സർവീസ് ചാർജ് ഈടാക്കാതെ പണം നൽകാൻ വ്യാപാരികളുമായി ധാരണയിൽ എത്തിയെന്ന് എസ്ബിഐ അറിയിച്ചു. അതായത് അടുത്തുള്ള വ്യാപാര സ്ഥാപനത്തിലെത്തി ഡെബിറ്റ് കാർഡ് സ്വൈപ്പ് ചെയ്താൽ പണം ലഭിക്കും. ദില്ലി, മുംബൈ തുടങ്ങിയ വലിയ നഗരങ്ങളിൽ പണം പിൻവലിക്കാനുള്ള പരിധി ആയിരമായി നിജപ്പെടുത്തിയിട്ടുണ്ട്.

പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്നും 86 ശതമാനത്തോളം എടിഎമ്മുകളിലും പണമുണ്ടെന്നും കേന്ദ്രധനമന്ത്രാലയം അറിയിച്ചു. ബിഹാറിലേക്ക് 1000 കോടി രൂപയുടെ നോട്ടുകൾ ഉടൻ എത്തിക്കും. എന്നാൽ നോട്ട് ക്ഷാമം ക്ഷാമം പരിഹരിക്കാൻ 70,000 കോടി രൂപയുടെ നോട്ടുകൾ കൂടി വേണ്ടിവരുമെന്നാണ് എസ്ബിഐ ഗവേഷക വിഭാഗത്തിന്‍റെ വിലയിരുത്തൽ.

വിപണിയിൽ 1.9 ലക്ഷം കോടി രൂപയുടെ നോട്ടുകൾ കുറവുണ്ടെന്നാണ് കണക്കാക്കുന്നത്. മൈസൂരുവിലും ബംഗാളിലുള്ള കമ്മട്ടങ്ങളിൽ 500 രൂപയുടെ നോട്ടുകൾ കൂടുതലായി അച്ചടിച്ച് രണ്ടാഴ്ചക്കുള്ളിൽ പ്രശ്നം പരിഹരിക്കാനാണ് ശ്രമം.

error: Content is protected !!