നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പളം നാല്‍കാനാവില്ലെന്ന് മാനേജ്മെന്‍റ് അസ്സോസിയേഷന്‍

നഴ്സുമാര്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച തരത്തില്‍ മിനിമം ശമ്പളം നല്‍കാനാവില്ലെന്ന് മാനേജ്മെന്‍റ് അസോസിയേഷന്‍. ഇതുമായി ബന്ധപ്പെട്ട് നിയമ നടപടിയിലേക്ക് നീങ്ങുകയാണെന്നും ആശുപത്രി മാനേജ്മെന്‍റ് അറിയിച്ചു. മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് കൂട്ട അവധിയെടുക്കല്‍ സമരത്തില്‍ നിന്ന നഴ്സുമാര്‍ പിന്‍മാറിയത്.

മുഖ്യമന്ത്രി പ്രഖ്യാപിച്ച 20,000 രൂപ എന്ന മിനിമം വേതനം നല്‍കാന്‍ കഴിയില്ലെന്നാണ് മാനേജ്മെന്‍റിന്‍റെ നിലപാട്. ഇത് വലിയ വര്‍ദ്ധനവാണെന്നും ഇത്രയും തങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും മാനേജ്മെന്‍റ് അറിയിച്ചു. അങ്ങനെ വന്നാല്‍ രോഗികളുടെ ചികിത്സാഭാരം കൂടുമെന്നടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് മാനേജ്മെന്‍റ് വീണ്ടും നിയമനടപടിക്ക് ഒരുങ്ങുന്നത്.

നേരത്തെ വേതന വര്‍ധന സംബന്ധിച്ച് ഈ മാസം 31 നകം ഉത്തരവ് പുറത്തിറങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമരം പ്രഖ്യാപിച്ച നഴ്സുമാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നാളെ തുടങ്ങാനിരുന്ന കൂട്ട സമരത്തില്‍ നിന്നാണ് നഴ്സുമാര്‍ പിന്‍മാറിയതായി നഴ്സുമാരുടെ സംഘടനായ യുണൈറ്റഡ് നഴ്സസ് അയോസിയേഷന്‍ അറിയിച്ചിരുന്നു.

ഇവര്‍ നാളെ മുഖ്യമന്ത്രിയെ കാണുമെന്നും അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 10 നാണ് അടിസ്ഥാന ശമ്പളം 20,000 രൂപയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ പ്രഖ്യാപനം മിക്ക ആശുപത്രികളും നടപ്പാക്കിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഈ മാസം ആറു മുതല്‍ നഴസുമാര്‍ സമരം നടത്താനിരുന്നത്.

error: Content is protected !!