ചോദ്യപേപ്പര്‍ ചോര്‍ന്ന വാര്‍ത്ത‍ നിഷേധിച്ച് സിബിഎസ്ഇ

പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന വാർത്ത സിബിഎസ്ഇ അധികൃതർ നിഷേധിച്ചു. എല്ലാ സെന്ററുകളിലും സീലുകൾ യഥാസ്ഥിതിയിലായിരുന്നു. ചോർന്നെന്ന പ്രചാരണം വഴി തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നു. വിഷയത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെടുമെന്നും സിബിഎസ്ഇ ആവശ്യപ്പെട്ടു.

സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. അക്കൗണ്ടന്‍സി പരീക്ഷ നടക്കുന്നതിനിടെയാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങളിലടക്കം പ്രചരിച്ചതാണ്.

എന്നാല്‍ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും, ഏതോ പ്രാദേശിക കേന്ദ്രത്തില്‍ നിന്നും പരീക്ഷ നടക്കുന്നതിനിടെ ചിലര്‍ സിബിഎസ്ഇക്ക് ചീത്തപ്പേരുണ്ടാക്കാന്‍ ചെയ്യുന്നതാണെന്നും ബോര്‍ഡിന്റെ പ്രസ്താവനയില്‍ പറയുന്നു. ഇത്തരം പ്രവൃത്തികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി.

അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ന്നതായി ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ സ്ഥിരീകരിച്ചിരുന്നു.

error: Content is protected !!