ചോദ്യപേപ്പര്‍ ചോര്‍ച്ച; എങ്ങനെയെന്നറിയാതെ അധികൃതര്‍

സി.ബി.എസ്.ഇ ചോദ്യപേപ്പർ ചോർച്ചയിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുന്നു. ഇക്കാര്യം ഉന്നയിച്ച് പരീക്ഷയെഴുതിയ കുട്ടികളുടെ രക്ഷിതാക്കൾ ദില്ലി ഹൈക്കോടതിയെ സമീപിക്കും. ഏകദേശം 6000 കുട്ടികൾക്ക് ചോദ്യങ്ങൾ ചോർന്ന് കിട്ടിയതായാണ് സൂചന. പ്ലസ് ടു കണക്ക് പരീക്ഷയുടെ ചോദ്യങ്ങളും ചോർന്നതായി അഭ്യൂഹമുണ്ട്.

കണക്ക്, അക്കൗണ്ടന്‍സി പരീക്ഷകളുടെ ചോദ്യ പേപ്പറുകള്‍ ചോര്‍ന്നതായി നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഇത് നിഷേധിച്ചുകൊണ്ടാണ് സി.ബി.എസ്.ഇ പരീക്ഷ നടത്തിയത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് ഉള്‍പ്പെടെ വിവരങ്ങള്‍ തേടി ഇക്കാര്യങ്ങളെല്ലാം വിശദമായി അന്വേഷിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതൊടൊപ്പം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ ദില്ലി ഹൈക്കോടതിയെ സമീപിക്കും. 50 ഓളം പേരെ ചോദ്യം ചെയ്തിട്ടും ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. എങ്ങനെയാണ് ചോദ്യ പേപ്പര്‍ ചോര്‍ന്നതെന്ന് പോലും കണ്ടെത്താനുമായിട്ടില്ല.

ചോര്‍ന്ന ചോദ്യ പേപ്പറുകള്‍ ഏകദേശം 6000 പേര്‍ക്ക് ലഭിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കുട്ടികളുടെ വാട്‍സ്ആപ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷിക്കുന്നത്. പത്തോളം ഗ്രൂപ്പുകള്‍ ഇങ്ങനെ പരിശോധിച്ചിരുന്നു. ചേര്‍ാച്ചയെക്കുറിച്ച് സി.ബി.എസ്.ഇ അധ്യക്ഷയെ അറിയിച്ചത് ഒരു പത്താം ക്ലാസ് വിദ്യാര്‍ത്ഥി തന്നെയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. പരീക്ഷാ ദിവസം പുലര്‍ച്ചെ 1.30ന് തന്റെ പിതാവിന്റെ ഇ-മെയിലില്‍ നിന്നാണ് സി.ബി.എസ്.ഇ അധ്യക്ഷക്ക് മെയില്‍ അയച്ചതെന്നാണ് വിവരം. ഇതിന്റെ വിശദാംശങ്ങള്‍ തേടി ഗൂഗിളിന് കത്തയച്ചിട്ടുണ്ട്.

ജാര്‍ഖണ്ഡില്‍ ഏതാനും വിദ്യാര്‍ത്ഥികളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് സംഘത്തിന്റെ തീരുമാനം. എന്നാല്‍ എങ്ങനെയാണ് ചോദ്യ പേപ്പര്‍ ചോര്‍ന്നതെന്ന് ഇതുവരെ അധികൃതര്‍ക്ക് മനസിലായിട്ടില്ല.

error: Content is protected !!