തിങ്കളാഴ്ച സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

പെട്രോള്‍ പമ്പുകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ മുഴുവൻ പെട്രോൾ പമ്പുകളും തിങ്കളാഴ്ച രാവിലെ ആറുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ അടച്ചിടും. ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ആണിക്കാര്യം അറിയിച്ചത്. മാര്‍ച്ച് 26 പുലര്‍ച്ചെ ആറ് മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാകും പമ്പുകൾ പണിമുടക്കുക. പെട്രോൾ പമ്പുകളിൽ രാത്രി-പകൽ ഭേദമന്യേ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. പമ്പുകൾക്ക് സംരക്ഷണം നൽകണമെന്നാണ് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സിന്‍റെ ആവശ്യം.

കഴിഞ്ഞ ദിവസം കോട്ടയം പാമ്പാടിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ തലയ്ക്ക് അടിച്ചുവീഴ്ത്തി ഒന്നര ലക്ഷം രൂപ കവർന്നിരുന്നു. കവർച്ച തടയാൻ ശ്രമിക്കവെയാണ് ഇരുമ്പ് കമ്പി ഉപയോഗിച്ച് ആക്രമിച്ചത്. ഇതരസംസ്ഥാനക്കാരായിരുന്നു അക്രമികളെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്നു കണ്ടെത്തിയിരുന്നു.

error: Content is protected !!