മാണി വിഷയത്തില്‍ ബിജെപിയില്‍ തമ്മിലിടി

കെ.എം.മാണിയെ ചൊല്ലി ബിജെപിയിൽ തമ്മിലിടി. മാണിയെ വേണ്ടെന്ന് വി.മുരളീധരനും മാണിയോട് ഐത്തമില്ലെന്ന് പി.എസ്.ശ്രീധരൻപിള്ളയും പരസ്യമായി നിലപാടെടുത്തതോടെയാണ് വിഷയത്തിൽ ബിജെപിക്കുള്ളിൽ സമവായമില്ലെന്ന് വ്യക്തമായത്.മാണി അഴിമതിക്കാരനാണെന്നും അത്തരക്കാരെ എൻഡിഎയുടെ ഭാഗമാക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ മാണിയെ ക്ഷണിച്ചത് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് മറ്റുള്ളവർക്ക് മനസിലാകാത്തതുകൊണ്ടാണെന്നാണ് മുരളീധരൻ പറഞ്ഞത്.

അതേസമയം മുരളീധരൻ നിലപാടിനെ ചെങ്ങന്നൂരിലെ എൻഡിഎ സ്ഥാനാർഥിയും മുതിർന്ന ബിജെപി നേതാവുമായ ശ്രീധരൻപിള്ള തള്ളി. മാണിയോട് എൻഡിഎക്ക് ഐത്തമില്ലെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നുവെന്നും ശ്രീധരൻപിള്ള പറഞ്ഞു. മാണി എൽഡിഎഫ്-യുഡിഎഫ് ബന്ധത്തിൽ താത്പര്യമില്ലാതെ നിൽക്കുകയാണ്. മൂന്നാം ചേരി എന്ന നിലയിൽ അദ്ദേഹത്തെ എൻഡിഎ സ്വാഗതം ചെയ്യുകയാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.

കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും മാണിയെ പരസ്യമായി എൻഡിഎയിലേക്ക് സ്വാഗതം ചെയ്തിരുന്നു.

error: Content is protected !!