പോലീസ് അതിക്രമം സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

സംസ്ഥാനത്ത് പൊലീസ് അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടതിന് തൊട്ടു പിന്നാലെ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പോലീസിന്റെ നിയന്ത്രണം മുഖ്യമന്ത്രിക്കും സര്‍ക്കാരിനും നഷ്ടപ്പെട്ടുവെന്ന് ചെന്നിത്തല ആരോപിച്ചു. പോലീസ് സംസ്ഥാനത്ത് തോന്നിയ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. പോലീസ് ജനങ്ങളെ പീഡിപ്പിക്കുന്നുവെന്നും ചെന്നിത്തല വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

സമീപ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പോലീസ് അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് നിയമസഭയില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയാണ് വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി സംസാരിച്ചത്.

സംസ്ഥാനത്ത് പോലീസിനെ കയറൂരി വിട്ട അവസ്ഥയാണെന്നും മാന്യമായ പോലീസിംഗ് ഇന്നില്ലെന്നും അച്ചടക്കം പഠിപ്പിക്കുന്ന ഡിജിപി പോലും ഒന്നും കാര്യമായി എടുക്കുന്നില്ലെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി. മലപ്പുറം, ഈരാറ്റുപേട്ട, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പോലീസ് അതിക്രമങ്ങളും തിരുവഞ്ചൂര്‍ സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി.

എന്നാല്‍ സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമാണെന്ന് മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മറുപടി പറഞ്ഞ മന്ത്രി എ.കെ.ബാലന്‍ വ്യക്തമാക്കി. കേരള പോലീസിന്റെ ആധുനികവത്കരണത്തിനും ജനസൗഹൃദ സമീപനത്തിനും വലിയ അംഗീകാരമുണ്ട്. പോയ ദിവസങ്ങളില്‍ ചില സംഭവങ്ങളുണ്ടായെന്ന് സമ്മതിച്ച ബാലന്‍ കുറ്റക്കാര്‍ക്കെതിരെ വകുപ്പ് തലത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി.

എന്നാല്‍ പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്താല്‍ മാത്രം നടപടിയാകില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. തെറിവിളിയാണോ സര്‍ക്കാരിന്റെ ഭാഷയെന്ന് ചോദിച്ച തിരുവഞ്ചൂര്‍ പോലീസ് കാണിക്കുന്ന അനീതിക്ക് സര്‍ക്കാരാണ് ഉത്തരവാദിയെന്നും കുറ്റപ്പെടുത്തി.

error: Content is protected !!