സര്‍ക്കാര്‍ ജോലിക്ക് സൈനിക സേവനം നിര്‍ബന്ധമാക്കുന്നു

സൈന്യത്തില്‍ നിന്നും വന്‍തോതില്‍ കൊഴിഞ്ഞു പോക്ക് നടക്കുന്നതായി വാര്‍ത്ത‍ പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധി ഒഴിവുകളാണ് സേനയില്‍ ഉള്ളത്. സര്‍ക്കാര്‍ ജോലിക്ക് ഇനി മുതല്‍ സൈനിക സേവനം നിര്‍ബന്ധമാക്കാനാണ് നീക്കം. ഇതു സംബന്ധിച്ച നിര്‍ദേശം പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് മുന്നോട്ട് വച്ചിരിക്കുന്നത്. ഇനി മുതല്‍ സംസ്ഥാന കേന്ദ്ര സര്‍വീസുകളിലെ ജോലി തേടുന്ന ഉദ്യോഗാര്‍ഥികള്‍ നിര്‍ബന്ധമായി അഞ്ചു വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തിയാക്കണമെന്നാണ് ശുപാര്‍ശ.

ഇതിനു വേണ്ടിയുള്ള പ്രൊപ്പോസല്‍ മുന്നോട്ട് വയ്ക്കാന്‍ പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പിനോട് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റി നിര്‍ദേശിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ സൈനികരുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കാമെന്നാണ് കമ്മിറ്റി വിലയിരുത്തുന്നത്.

20000 സൈനികരുടെയും 7000 ഉദ്യോഗസ്ഥരുടെയും കുറവ് നിലവില്‍ സൈന്യത്തിലുണ്ട്. ഇതു പരിഹരിക്കാനാണ് പുതിയ ശുപാര്‍ശ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ചട്ടങ്ങള്‍ രൂപീകരിക്കുന്നത് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പാണ്. ഇവിടെ നിന്ന് അനുകൂല തീരുമാനം വന്നാല്‍ സര്‍ക്കാര്‍ ജോലിക്ക് സൈനിക സേവനം നിര്‍ബന്ധമാകുന്നതിനുള്ള വഴിതെളിയും.

error: Content is protected !!