ആദിവാസി ക്ഷേമ പദ്ധതികൾ കാര്യക്ഷമമാക്കും; മുഖ്യമന്ത്രി

ആദിവാസി ക്ഷേമ പദ്ധതികളുടെ പുരോഗതി വിലയിരുത്താനുള്ള യോഗം മുഖ്യമന്ത്രി ചേര്‍ന്നു. അട്ടപ്പാടിയില്‍ ആള്‍ക്കുട്ടത്തിന്‍റെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്‍റെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു യോഗം.

ആദിവാസികള്‍ക്ക് റാഗിയും ചോളവും സപ്ലയ്ക്കോ മുഖേന നല്‍കും. ഇതിനായി 10 കോടി രൂപ മാറ്റി വച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏപ്രില്‍ മാസത്തോടെ ഇതിന്‍റെ നടപടികള്‍ പൂര്‍ണമായി ആരംഭിക്കും. ഊരുകളില്‍ ചോളവും റാഗിയും കൃഷി ചെയ്യുനുള്ള നടപടികള്‍ ആരംഭിക്കും.കുടുംബശ്രീ ലേബര്‍ ബാങ്കുകള്‍ ഉപയോഗപ്പെടുത്തി കൃഷി മേഖലയില്‍ ആദിവാസികളുടെ സാന്നിധ്യം ഉറപ്പാക്കും. ഇതിലൂടെ ആദിവാസികളുടെ തൊഴിലുകള്‍ ഉറപ്പ് വരുത്തും. എന്‍ ആര്‍ഇ. ജിയില്‍ ഉള്‍പ്പെടുത്തി എല്ലാ ആദിവാസികള്‍ക്കും 200 ദിവസമെങ്കിലും തൊഴില്‍ ഉറപ്പ് വരുത്തണം. അട്ടപ്പാടിയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഇവിടുത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ അര്‍ഹരായ ആദിവാസികള്‍ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ തൊഴില്‍ നല്‍കാന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

ആദിവാസി മേഖലകളില്‍ ലഭിക്കുന്ന റേഷന്‍ സാധനങ്ങളുടെ നിലവാരം മെച്ചപ്പെട്ടതല്ലെന്ന പരാതിയില്‍ അന്വേഷണം നടത്തും. കമ്യൂണിറ്റി കിച്ചണുകളെ ആശ്രയിക്കുന്നവര്‍ക്ക് ഗുണനിലവാരമുള്ള ഭക്ഷ്യസാധനങ്ങള്‍ നല്‍കും. ഇതിനായി സപ്ലൈയ്ക്കോയെ ചുമതലപ്പെടുത്തും. ആശുപത്രികളിലെ ഗൈനോക്കോളജി വിഭാഗം കൂടുതല്‍ മെച്ചപ്പെടുത്തും. ആദിവാസികളിലെ മദ്യപാന ശീലത്തില്‍ നിന്ന് മോചിപ്പിക്കുന്നതിന് ലഹരി വിമുക്ത കേന്ദ്രങ്ങള്‍ ആരംഭിക്കും. കിടപ്പ് രോഗികള്‍ എത്രയുണ്ടെന്ന് കണ്ടെത്താന്‍ കണക്കെടുപ്പ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദിവാസി മേഖലയില്‍ മാനിസിക പ്രശ്നങ്ങള്‍ ഉള്ളവരെ സംരക്ഷിക്കുന്നതിനും പാര്‍പ്പിക്കുന്നതിനും സംവിധാനം ഉണ്ടാക്കും.

ആദിവാസികള്‍ ഒരുമിച്ച് താമസിക്കുന്നതിനാല്‍ അവര്‍ക്ക് കൃഷിസ്ഥലം വേറെ ഭൂമിനല്‍ക്കും. അര്‍ഹരായ ആദിവാസികളെ കണ്ടെത്തി അവര്‍ക്ക് വനഭൂമി നല്‍കും. ലഹരി വിമുക്ത കേന്ദ്രങ്ങള്‍ക്ക് ആവശ്യമായ നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുക്കാലി ചിണ്ടക്കലി റോഡ് നിര്‍മാണം സംബന്ധിച്ച കാര്യത്തില്‍ പരിഹാര നടപടി സ്വീകരിട്ട് നിര്‍മാണം വേഗത്തിലാക്കുമെന്നും യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

error: Content is protected !!