ബിനോയ് കോടിയേരിക്കെതിരെ പരാതി കിട്ടിയെന്ന് സീതാറാം യെച്ചൂരി

വിവാദങ്ങള്‍ കത്തിപ്പടരുമ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രശ്നങ്ങള്‍ തീരുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് യെച്ചൂരിയുടെ പുതിയ പ്രസ്താവന. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ പരാതി കിട്ടിയെന്നാണ് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇപ്പോള്‍ പറഞ്ഞിരികുന്നത്. പാര്‍ട്ടി രീതിയനുസരിച്ച് അതു സംസ്ഥാന നേതൃത്വത്തിനു കൈമാറി. ആരോപണങ്ങള്‍ തെറ്റാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിശദീകരിച്ചിട്ടുണ്ട്. കൂടുതല്‍ നടപടി വേണമോയെന്ന് പിന്നീട് നോക്കാമെന്നും യെച്ചൂരി പറഞ്ഞു. കാടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരേ ഉയര്‍ന്ന പരാതിയെക്കുറിച്ച് പത്രസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും പദവി ദുരുപയോഗം ചെയ്തു പണമുണ്ടാക്കാന്‍ പാടില്ലെന്നതാണ് സി.പി.ഐ.എമ്മിന്റെ നയം. ജനറല്‍ സെക്രട്ടറിയെന്നനിലയില്‍ ഒട്ടേറെ പരാതികള്‍ ലഭിക്കാറുണ്ട്. അതു കൈകാര്യം ചെയ്യാന്‍ അതിന്റേതായ രീതിയുണ്ട്. ബിനോയിക്കെതിരേയുള്ള പരാതിയില്‍ കേരള ഘടകം കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ട് യെച്ചൂരി വ്യക്തമാക്കി.

അമിത് ഷായുടെ മകനെതിരായ ആരോപണത്തിലേതുപോലെ അന്വേഷണം ആവശ്യപ്പെടാത്തതെന്തെന്ന ചോദ്യത്തിന്, ദുബായില്‍ അന്വേഷണം നടക്കുന്നുണ്ടെന്നായിരുന്നു മറുപടി. അമിത് ഷായുടെയും കോടിയേരിയുടെയും കാര്യത്തില്‍ ഇരട്ടത്താപ്പില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിനയം വ്യക്തമാണ്. കേന്ദ്രകമ്മിറ്റിയംഗങ്ങള്‍ സ്വത്തുവിവരം പാര്‍ട്ടിക്കുമുന്‍പാകെ വെളിപ്പെടുത്താറുണ്ട്. ഇതില്‍ മക്കളും ഉള്‍പ്പെടുമോയെന്നു ചോദിച്ചപ്പോള്‍ കേന്ദ്രകമ്മിറ്റിയംഗത്തിന്റെ ഭാര്യയ്ക്കാണ് ബാധകമെന്ന് അദ്ദേഹം വ്യക്തമാക്കി. ആരോപണങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമോയെന്ന ചോദ്യത്തിന് യെച്ചൂരി ഉത്തരം നല്‍കിയില്ല.

error: Content is protected !!