ശുഹൈബ് വധം; മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് വിഡി സതീശന്‍

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബ് കൊല്ലപ്പെട്ടതിൽ പ്രതിഷേധം കടുപ്പിച്ചു കോൺഗ്രസ്. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനറിയാതെ കണ്ണൂരിൽ ഇങ്ങനെയൊരു കൊലപാതകം നടക്കില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശൻ പറഞ്ഞു. കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി കലക്ടേറ്റിനു മുന്നിൽ നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുക, ശുഹൈബിന്റെ കൊലയാളികളെ പിടികൂടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള ഉപവാസ സമരം രാവിലെ 10നാണ് ആരംഭിച്ചത്. ഉച്ചയ്ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെത്തി സമരം ഉദ്ഘാടനം ചെയ്യും.

സിപിഎമ്മിനെതിരെ കടുത്ത വിമർശനമാണ് വി.ഡി. സതീശൻ നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന് ഈ കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്നു വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ‘മുഖ്യമന്ത്രി അറിയാതെയാണെങ്കിൽ ഈ കൊലപാതകം ആസൂത്രണം ചെയ്ത ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ 24 മണിക്കൂറിനുള്ളിൽ നടപടിയെടുക്കാൻ അദ്ദേഹം തയാറാണോ എന്നു വ്യക്തമാക്കണം. കൊലപാതകം നടത്താൻ സിപിഎം ജില്ലയിൽ കില്ലർ ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ട്. ലോകത്തിലെ അറിയപ്പെടുന്ന തീവ്രവാദി സംഘടനകൾ പോലും ഇത്രയും ക്രൂരവും ആസൂത്രിതവുമായ കൊലപാതകങ്ങൾ ചെയ്യാറില്ല. ശുഹൈബിനെ കൊലപ്പെടുത്തിയ രീതി അറിഞ്ഞാൽ ഐഎസ് ഭീകരൻമാർപോലും സിപിഎമ്മിനു മുന്നിൽ ആയുധം വച്ചു കീഴടങ്ങും’ – അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കുറ്റവാളികളെ പിടികൂടാൻ വൈകുന്നതിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നു പരുക്കേറ്റു ചികിൽസയിലുള്ളവർ പൊലീസിനു മൊഴി നൽകിയിരുന്നു. എന്നിട്ടും അക്രമിസംഘത്തെക്കുറിച്ച് ഒരു വിവരവും പൊലീസിനു കണ്ടെത്താൻ സാധിച്ചില്ലെന്നും ആരോപണമുണ്ട്.

കഴിഞ്ഞമാസം എബിവിപി പ്രവർത്തകൻ കൊല്ലപ്പെട്ടപ്പോൾ മണിക്കൂറുകൾക്കകം എസ്ഡിപിഐ പ്രവർത്തകരായ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശുഹൈബിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു ഇന്നു കണ്ണൂർ ജില്ലയിൽ പഠിപ്പു മുടക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. എടയന്നൂരിൽ വൻ ജനാവലിയെ സാക്ഷിനിർത്തിയാണ് ചൊവ്വാഴ്ച രാത്രി വൈകി ശുഹൈബിന്റെ കബറടക്കം നടത്തിയത്.

error: Content is protected !!