ധൂര്‍ത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയമില്ലാതെ കേരള നിയമസഭ

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും മന്ത്രിമാരുടെയും സ്പീക്കറുടെയുമൊക്കെ ധൂര്‍ത്തിന്റെ കഥകളാണ് ഓരോ ദിവസവും മലയാളി കേട്ടുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷം ശക്തമായി പ്രതികരിക്കുന്നതിനിടെ ധൂര്‍ത്തില്‍ ഒട്ടും പിന്നിലാല്ലെന്ന് തെളിയിക്കുകയാണ് പ്രതിപക്ഷ നേതാവ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ടിഎ, ഡിഎ, ടെലഫോണ്‍ ബില്‍. മെഡിക്കല്‍ ആനുകൂല്യങ്ങള്‍ എന്നീ ഇനത്തില്‍ സര്‍ക്കാരില്‍ നിന്നും കൈപ്പറ്റിയിരിക്കുന്നത് 14.5 ലക്ഷം രൂപയാണ്.

കെവി അബ്ദുള്‍ ഖാദര്‍ എംഎല്‍എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം നല്‍കിയ മറുപടിയിലാണ് പ്രതിപക്ഷ നേതാവിന്റെ ചെലവ് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ടിഎ,ഡിഎ ഇനങ്ങളില്‍ നാളിതുവരെ ചെന്നിത്തല 5, 56, 061 രൂപയാണ് കൈപ്പറ്റിയിരിക്കുന്നത്. വിമാനയാത്രാ ചെലവിനായി 4,12,819 രൂപയും ടെലിഫോണ്‍ ബില്‍ ഇനത്തില്‍ 3,91,872 രൂപയും കൈപ്പറ്റിയിട്ടുണ്ട്. മെഡിക്കല്‍ ചെലവിനത്തില്‍ 96,269 രൂപയുമാണ് ചെന്നിത്തല കൈപ്പറ്റിയിരിക്കുന്നത്. എല്ലാത്തിനുമായി 14, 57,021 രൂപയാണ് ഇതുവരെ പ്രതിപക്ഷ നേതാവ് കൈപ്പറ്റിയിരിക്കുന്നത്.

നേരത്തെ മന്ത്രി കെ.കെ.ശൈലജക്കും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും പിന്നാലെ ചികില്‍സക്കായി ഖജനാവില്‍ നിന്ന് പണം വാങ്ങിയ നേതാക്കളുടെ പട്ടികയിലേക്ക് ധനമന്ത്രി തോമസ് ഐസക്കിന്റെ പേരും എത്തിയിരുന്നു. ഐസക് കോട്ടയ്ക്കലിലെ ആയുര്‍വേദ ചികില്‍സക്കായി വാങ്ങി ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയുടെ ബില്ലുകള്‍ പുറത്തുവന്നിരുന്നു.
നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും സര്‍ക്കാര്‍ ചെലവില്‍ വില കൂടിയ കണ്ണട വാങ്ങിയതു വിവാദമായിരുന്നു. ശ്രീരാമകൃഷ്ണന്‍ കണ്ണട വാങ്ങിയ ഇനത്തില്‍ പൊതു ഖജനാവില്‍ നിന്നു 49,900 രൂപയാണു കൈപ്പറ്റിയത്. സ്പീക്കര്‍ എന്ന നിലയില്‍ 4.25 ലക്ഷം രൂപ ചികില്‍സാച്ചെലവായും ശ്രീരാമകൃഷ്ണന്‍ എഴുതിയെടുത്തു. ആരോഗ്യമന്ത്രി കെ.കെ.ശൈലജ 28,000 രൂപ വില വരുന്ന കണ്ണടയാണു വാങ്ങിയത്.

error: Content is protected !!