പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പ്; മലയാളി ജീവനക്കാരുടെ പങ്ക് വ്യക്തമാക്കുന്ന തെളിവ് പുറത്ത്

പഞ്ചാബ് നാഷനല്‍ ബാങ്കിലെ ക്രമക്കേടില്‍ ജീവനക്കാരുടെ പങ്ക് വൃക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ സി.ബി.ഐക്ക്. തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോഡിയുള്‍പ്പെടെയുള്ളവര്‍ക്ക് കമ്മീഷന്‍ വ്യവസ്ഥയിലാണ് ജാമ്യ രേഖ (എല്‍.ഒ.യു) നല്‍കിയിരുന്നതെന്നും ഓരോ തവണ ജാമ്യരേഖ അനുവദിക്കുന്നതിനും നിശ്ചിത തുക കമ്മീഷനായി ഈടാക്കിയിരുന്നുവെന്നും കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ മുന്‍ ജീവനക്കാരാനാണ് ഇതുസംബദ്ധിച്ച മൊഴി സി.ബി.ഐക്ക് നല്‍കിയത്. വായ്പ നല്‍കിയതിന്റെ നിശ്ചിത ശതമാനം മാത്രമായിരുന്നു കമ്മീഷന്‍. കേസുമായിബന്ധപ്പെട്ട് ബാങ്കിലെ മന്‍ ഡെപ്യൂട്ടി മാനേജര്‍ ഗോകുല്‍നാഥ് ഷെട്ടിയുള്‍പ്പടെയുള്ള മൂന്നുപേര്‍ സി.ബി.ഐ കസ്റ്റഡിയിലാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

സി.ബി.ഐയുടെ പുതിയ എഫ്.ഐ.ആറില്‍ മെഹുല്‍ ചോക്സിയുടെ ഗില്ലി ഇന്ത്യാ ലിമിറ്റഡിന്റെ മേധാവി മലയാളിയായ അനിയത്ത് ശിവരാമന്‍ നായരുടെ പേരുമുണ്ട്. ്
എസ്.ബി.ഐ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, കാനറാ ബാങ്ക്, അലഹബാദ് ബാങ്ക്, ആക്സിസ് ബാങ്ക് ഉള്‍പ്പെടെയുള്ള ബാങ്കുകളും നീരവ് മോഡിക്കും ബന്ധുവും വജ്രവ്യാപാരിയുമായ മെഹുല്‍ ചോക്സിക്കും നിയമവിരുദ്ധമായി വായ്പ അനുവദിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ മാര്‍ച്ചിലെ കണക്ക് പ്രകാരം 17,632 കോടി രൂപ നീരവ് മോഡിക്കും മെഹുല്‍ ചോക്സിക്കും ബാങ്ക് വായ്പ അനുവദിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് ഈമാസം 13നു സി.ബി.ഐക്കു ലഭിച്ച രണ്ടാമത്തെ പരാതിയില്‍ മറ്റു ബാങ്കുകളുടെ പങ്ക് വിശദീകരിക്കുന്നുണ്ട്.

എന്നാല്‍ നീരവ് മോഡിയുമായോ ചോക്സിയുമായോ നേരിട്ട് ഇടപാടില്ലെന്നും ഇടപാട് പി.എന്‍.ബിയുമായിട്ടായിരുന്നെന്നും എസ്.ബി.ഐ പറയുന്നു. ഇന്നലെ ഡല്‍ഹി, ബംഗളൂരു, കൊല്‍ക്കത്ത, മുംബൈ, പട്ന, ലഖ്നോ, അഹമ്മദാബാദ്, ചൈന്നെ, ഗുവാഹതി, ഗോവ, ജയ്പൂര്‍, ജലന്ധര്‍, ശ്രീനഗര്‍ എന്നിവിടങ്ങളിലെ ഇദ്ധേഹത്തിന്റെ സ്ഥാപനങ്ങളിലുള്‍പ്പടെ 45 സ്ഥലങ്ങളില്‍ പരിശോധനടന്നു.

സി.ബി.ഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും സംയുക്തമായാണ് പരിശോധന നടത്തുന്നത്. അതേ സമയം, മാനദണ്ഡങ്ങള്‍ പാലിക്കാതെ ഗോകുല്‍നാഥ് ഷെട്ടിയാണ് നീരവ് മോഡിക്ക് വന്‍കിട വ്യവസായികള്‍ക്കുള്ള പ്രത്യേക വായ്പ (ബയേഴ്സ് ക്രെഡിറ്റ്) നല്‍കിയതെന്നാണു സി.ബി.ഐ പറയുന്നത്.

ഇവരെ ചോദ്യംചെയ്തതില്‍ നിന്നു കൂടുതല്‍ പേര്‍ അറസ്റ്റിലാവാന്‍ സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു. തട്ടിപ്പു പുറത്തുവന്നതിനു പിന്നാലെ പി.എന്‍.ബി നടത്തിയ ആഭ്യന്തര അന്വേഷണത്തെത്തുടര്‍ന്ന് 20ലേറെ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇവരില്‍ ചിലരുടെയും നീരവ് മോഡി, മെഹുല്‍ ചോക്സി എന്നിവരുമായി അടുപ്പമുള്ളവരില്‍ ചിലരുടെയും അറസ്റ്റ് ഉടനുണ്ടായേക്കും. ചില ബാങ്ക് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യുന്നതായും സൂചനയുണ്ട്.

error: Content is protected !!