നിലപാട് കടുപ്പിച്ച് നഴ്‌സുമാര്‍:നാളെ സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവാസം

യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ നേത്രുത്വത്തിലാണ് നാളെ സെക്രട്ടറിയേറ്റിന് മുന്നില്‍ ഏകദിന ഉപവാസം നടത്തുന്നത്.തിരുവന്തപുരം ജില്ലയിലെ നഴ്സുമാരുടെ നേതൃത്വത്തിലായിരിക്കും ഉപവാസ സമരം.നഴ്‌സുമാരുടെ സമരത്തോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് സമരം.ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ കഴിഞ്ഞ 190 ദിവസമായി തുടരുന്ന, നഴ്‌സുമാരുടെ സമരം സര്‍ക്കാര്‍ ഇടപെട്ടു അടിയന്തിരമായി ഒത്തുതീര്‍പ്പാക്കണം എന്നാവശ്യപ്പെട്ടാണ് ഉപവാസം.

ഈ ആവശ്യം ഉന്നയിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷ് അനുഷ്ഠിക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് തിരുവനന്തപുരം ജില്ലയിലെ നഴ്‌സുമാര്‍ നാളെ സെക്രട്ടറിയേറ്റിനു മുന്നില്‍ ഏകദിന ഉപവാസം അനുഷ്ഠിക്കുന്നത്.സമരം സര്‍ക്കാര്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ മാര്‍ച്ച് അഞ്ച് മുതല്‍ സംസ്ഥാന വ്യാപക പണിമുടക്ക് നടത്താന്‍ ആണ് യുഎന്‍എ തീരുമാനം.

രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ഏഴു മണി വരെ ആണ് സെക്രട്ടേറിയേറ്റിന് മുന്നില്‍ നാളെ ഏകദിന ഉപവാസം നടക്കുക. ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത രീതിയില്‍ ആകും സമരം. ഡ്യൂട്ടിയില്‍ പ്രവേശിക്കുന്ന നഴ്‌സുമാരും ഉപവാസ സമരം ചെയ്തുകൊണ്ടാകും ജോലി ചെയ്യുകയെന്ന് യുഎന്‍എ ജില്ലാ ഭാരവാഹികള്‍ പറഞ്ഞു.

2013ലെ മിനിമം വേതനം നടപ്പിലാക്കുക, പന്ത്രണ്ടു മുതല്‍ പതിനാറു മണിക്കൂര്‍ വരെ ഉള്ള ഡ്യൂട്ടി സമയം നിയമപരമായി ക്രമീകരിക്കുക, അശാസ്ത്രീയമായ ട്രെയിനി സംവിധാനം നിര്‍ത്തലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ചേര്‍ത്തല കെവിഎം ആശുപത്രിലെ നഴ്‌സുമാര്‍ സമരം നടത്തുന്നത്.

error: Content is protected !!