കൊച്ചി കപ്പല്‍ ശാലയിലെ പൊട്ടിത്തെറിക്ക് കാരണം അസറ്റ്ലിൻ വാതകം

കപ്പൽശാലയിൽ പൊട്ടിത്തെറിക്കു കാരണമായത് അസറ്റ്ലിൻ വാതകമെന്ന്‍ ഫൊറൻസിക് പരിശോധനയില്‍ സ്ഥിരീകരണം. തിങ്കളാഴ്ച ഗ്യാസ് കട്ടറിൽനിന്നാണു ചോർച്ചയുണ്ടായത്. സംഭവത്തിൽ കരാർ തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്യും. പൊലീസ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി ഫൊറൻസിക് വിദഗ്ധർ ഇന്നലെ കപ്പലിൽ പരിശോധന നടത്തി. ഫൊറൻസിക് ജോയിന്റ് ഡയറക്ടർ അജിത്, അന്വേഷണോദ്യോഗസ്ഥനായ തൃക്കാക്കര അസി. കമ്മിഷണർ പി.പി. ഷംസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

അതിനിടെ, അഞ്ചു പേരുടെ മരണത്തിനിടയാക്കിയ പൊട്ടിത്തെറിയുണ്ടായ സാഗർ ഭൂഷൺ കപ്പലിൽ അറ്റകുറ്റപ്പണിക്കു മുൻപു കൃത്യമായ സുരക്ഷാ പരിശോധന നടന്നിരുന്നുവെന്ന കപ്പൽശാല അധികൃതരുടെ വാദത്തിൽ അന്വേഷണ ഏജൻസികൾ സംശയം പ്രകടിപ്പിച്ചു.

ട്യൂബ് ഉൾപ്പെടെയുള്ള സാമഗ്രികൾ കപ്പൽശാലയുടേതല്ലെന്നും കരാർ സ്ഥാപനത്തിന്റേതാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. ട്യൂബ് സൂക്ഷിച്ചതിലെ അപാകത അപകടത്തിനു കാരണമായിട്ടുണ്ടോയെന്നും പരിശോധിക്കുന്നു. പരിശോധന നടത്തിയതും ജോലിക്ക് അനുമതി കൊടുത്തതും രേഖയിലുണ്ട്. എന്നാൽ രാവിലെ ജോലി തുടങ്ങി ഒരു മണിക്കൂറിനുള്ളിലുണ്ടായ പൊട്ടിത്തെറി, പരിശോധന നടന്നോ എന്നു സംശയിപ്പിക്കുന്നതാണെന്ന് അന്വേഷണം നടത്തുന്ന ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് പറയുന്നു.

ഓക്സിജനിൽ മൂന്നു ശതമാനത്തിലേറെ അസറ്റ്ലിൻ കലർന്നാൽ പൊട്ടിത്തെറിക്കു സാധ്യതയുണ്ട്. അസറ്റ്ലിൻ കത്തുമ്പോൾ വിഷവാതകം ഉൽപാദിപ്പിക്കപ്പെടും. തീപ്പൊള്ളലിലാണോ വിഷവാതകം ശ്വസിച്ചാണോ അപകടത്തിൽ മരണം സംഭവിച്ചതെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ അറിയാനാകൂ.

error: Content is protected !!