ഒരു ദിവസം കൊണ്ട് ഗ്രാമം മുഴുവന്‍ കോടീശ്വരന്മാര്‍

ഒറ്റ ദിവസം കൊണ്ട് കോടിപതിയാകുക. അതൊക്കെ സ്വപ്‌നത്തില്‍ മാത്രമേ സാധിക്കൂ എന്ന് പറയാന്‍ വരട്ടെ. ഒരാളല്ല, ഒരു ഗ്രാമം മൊത്തം കോടീശ്വരന്‍മാരായിരിക്കുകയാണ്. അരുണാചല്‍ പ്രദേശിലെ ബോംജ ഗ്രാമമാണ് ഇപ്പോള്‍ ഏഷ്യയിലെ കോടിപതികളുടെ ഗ്രാമങ്ങളിലൊന്നായി മാറിയിരിക്കുന്നത്.

ഇതെങ്ങനെ എന്നല്ലേ. കേന്ദ്രസര്‍ക്കാരാണ് ഈ ഗ്രാമത്തെ കോടീശ്വരന്‍മാരുടെ നാടാക്കി മാറ്റിയത്. പ്രതിരോധ മന്ത്രാലയം ഗ്രാമീണര്‍ക്ക് കോടികള്‍ കൈമാറി. ഒന്നും രണ്ടുമല്ല, ഏകദേശം 41 കോടിയോളം രൂപ. ഇത്രയും തുക സര്‍ക്കാര്‍ വെറുതെ നല്‍കിയതല്ല. പകരം ഇവരുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു.സൈന്യത്തിന്റെ ആവശ്യങ്ങള്‍ക്കായാണ് പ്രതിരോധ മന്ത്രാലയം ഈ ഭൂമി ഏറ്റെടുത്തത്.

ഗ്രാമത്തിലെ 200 ഏക്കറാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇതിനുള്ള നഷ്ടപരിഹാരമായി സര്‍ക്കാര്‍ നേരത്തെ വന്‍തുക പ്രഖ്യാപിച്ചിരുന്നു. 40,80,38,400 രൂപയാണ് സര്‍ക്കാര്‍ ഇവര്‍ക്ക് നഷ്ട പരിഹാരമായി നല്‍കിയത്. ഗ്രാമത്തിലെ 31 കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി പേമ ഖണ്ഡു തുക കൈമാറി. 29 കുടുംബങ്ങള്‍ക്ക് ഒരു കോടിയിലധികം രൂപ നഷ്ടപരിഹാരമായി ലഭിച്ചു. ഒരു കൂടുംബത്തിന് ലഭിച്ചത് രണ്ടര കോടിയാണ്. ആറേ മുക്കാല്‍ കോടി രൂപയാണ് ഏറ്റവും വലിയ നഷ്ടപരിഹാരതുക.

തവാങ് ഗാരിസണ്‍ ലൊക്കേഷന്‍ പ്ലാന്‍ യൂണിറ്റിന്റെ കേന്ദ്രം സ്ഥാപിക്കാനാണ് 200 ഏക്കര്‍ ഏറ്റെടുത്തിരിക്കുന്നത്. സമാനമായ രീതിയില്‍ കൂടുതല്‍ ഭൂമി പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുന്നതായി മുഖ്യമന്ത്രി പേമ ഖണ്ഡു വെളിപ്പെടുത്തി. ഇതിനാവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!