ട്രിനിറ്റി സ്കൂളിന് വിദ്യാഭ്യാസവകുപ്പ് വീണ്ടും നോട്ടീസ് അയക്കും

കൊല്ലം: ഗൗരി നേഹയുടെ മരണവുമായി ബന്ധപ്പെട്ട് ട്രിനിറ്റി സ്കൂളിന് വിദ്യാഭ്യാസവകുപ്പ് വീണ്ടും നോട്ടീസ് നൽകും. പ്രിൻസിപ്പൽ രാജി സന്നദ്ധത അറിയിച്ചിട്ടും അത് സ്വീകരിക്കാൻ മാനേജ്നെൻറ് തയ്യാറായില്ലെന്ന് ഡിഡിഇ ശ്രീകല വ്യക്തമാക്കി. സ്കൂൾ മാനേജ്മെന്‍റിന്‍റെ മറുപടിയിൽ വ്യക്തതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ നോട്ടീസ് നല്‍കുന്നത്.

ഉത്തരവാദികളായ അധ്യാപകരെ ആഘോഷപൂർവ്വം തിരിച്ചെടുത്ത സംഭവത്തില്‍ സ്കൂളിലെ പ്രിൻസിപ്പളിനോട് അവധിയിൽ പ്രവേശിക്കാൻ മാനേജ്‌മെന്റ് ആവശ്യപ്പെട്ടതായി മനേജ്മെന്‍റ് വിശദീകരിച്ചിരുന്നു. പ്രിന്‍സിപ്പല്‍ സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ചതായും മാനേജ്മെന്‍റ് വ്യക്തമാക്കിയിരുന്നു.

അധ്യാപകരെ കേക്ക് മുറിച്ച് ആഘോഷപൂര്‍വ്വം തിരിച്ചെടുത്തതിനെതിരെ നേരത്തേയും വിദ്യാഭ്യാസ വകുപ്പ് രംഗത്ത് വന്നിരുന്നു. പ്രിൻസിപ്പളിനെ പുറത്താക്കണമെന്ന് ഡിഡിഇ ശ്രീകല ആദ്യ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി നല്‍കാന്‍ ആദ്യം സ്കൂള്‍ തയ്യാറായില്ലെങ്കിലും വിദ്യാഭ്യാസ വകുപ്പ് നടപടി കടുപ്പിച്ചതോടെ മറുപടി നല്‍കുകയായിരുന്നു.

അധ്യാപകരെ തിരിച്ചെടുത്ത സംഭവത്തില്‍ ഗുരുതര പരാമർശങ്ങളാണ് സ്കൂളിനെതിരെ ഡിഡിഇ ശ്രീകല നടത്തിയത്. അധ്യാപികമാരെ ആഘോഷപൂർവ്വം തിരിച്ചെടുത്തത് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. കൂടാതെ ചിത്രങ്ങളെടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.

സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണിത്. അപക്വമായ ഈ നടപടിക്ക് നേതൃത്വം നൽകിയ പ്രൻസിപ്പാളിനെ പുറത്താക്കണമെന്നും കൂടെ ഉണ്ടായിരുന്ന അധ്യാപകർക്കെതിരെ നടപടി എടുക്കണമെന്നും ഡിഡിഇ ആവശ്യപ്പെട്ടിരുന്നു. സംഭവങ്ങൾ ആവർത്തിച്ചാൽ സ്കൂളിന്റെ അംഗീകാരം റദ്ദാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ നോട്ടീസിന് ലഭിച്ച മറുപടി തൃപ്തികരമല്ലെന്ന് കാണിച്ചാണ് സ്കൂളിന് പുതിയ നോട്ടീസ് അയച്ചിരിക്കുന്നത്.

error: Content is protected !!