ഇ പി ജയരാജൻ തിരികെയെത്തുമോ? മന്ത്രിസഭയിൽ അഴിച്ചു പണിക്ക് സാധ്യത

ഇ പി ജയരാജന് മന്ത്രിസഭയിലേക്ക് വീണ്ടും വരാനുള്ള സാധ്യത തുറന്നിട്ട് സി പി എം സംസ്ഥാന സമ്മേളനം. മന്ത്രിസഭയില്‍ ഉടച്ചുവാര്‍ക്കല്‍ അനിവാര്യമെന്നാണ് സിപിഎം സംസ്ഥാന സമ്മേളനത്തിൽ പ്രധാന ആവശ്യം. സിപിഐയുടെ നാലു മന്ത്രിമാര്‍ക്കെതിരെയും സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. കഴിഞ്ഞ ദിവസം ഒന്‍പതു മണിക്കൂറും 16 മിനിറ്റും നീണ്ട പൊതുചര്‍ച്ച പൂര്‍ത്തിയായപ്പോള്‍, ചില വകുപ്പുകളുടെ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടി മന്ത്രിമാര്‍ക്കു സ്വയംവിരമിക്കല്‍ (വിആര്‍എസ്) നല്‍കണമെന്ന നിര്‍ദേശവും ഉയര്‍ന്നു.

നിയമസഭാ സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും പൂര്‍ത്തിയായാലുടന്‍ മന്ത്രിസഭാ പുനഃസംഘടന എന്ന അജന്‍ഡയിലേക്ക് പാര്‍ട്ടി കടക്കുമെന്നാണ് പുറത്തുവരുന്ന സൂചന.

ആരോഗ്യം, തദ്ദേശഭരണം, വ്യവസായം തുടങ്ങിയ വകുപ്പുകള്‍ക്കെതിരെയാണു രൂക്ഷ വിമര്‍ശനം ഉയര്‍ന്നത് തദ്ദേശഭരണ വകുപ്പു ഭരിക്കുന്നത് ഐഎഎസ് ഉദ്യോഗസ്ഥനാണെന്നും മന്ത്രിക്കു റോളില്ലെന്നും ആരോപണം ഉയര്‍ന്നു. മന്ത്രിസഭ അഴിച്ചു പണിയുകയാണെങ്കില്‍ സുരേഷ് കുറിപ്പിനും രാജു എബ്രാഹമിനും ഇപി ജയരാജനും, എ പ്രദീപ് കുമാറിനും ആദ്യ പരിഗണന നല്‍കാനാണ് സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. സിപിഐയുടെ മന്ത്രിമാരിലും മാറ്റമുണ്ടാകുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.

ചില മന്ത്രിമാരുടെ ഓഫിസുകളില്‍ യുഡിഎഫ് എംഎല്‍എമാര്‍ക്കുള്ള പരിഗണന പോലും കിട്ടുന്നില്ലെന്നു പാര്‍ട്ടി പ്രതിനിധികള്‍ പരാതിപ്പെട്ടെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതിയ സംസ്ഥാന കമ്മിറ്റിയുടെ ആദ്യയോഗത്തില്‍ തന്നെ മന്ത്രിസഭ പുഃനസംഘടന ചര്‍ച്ചയാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ മന്ത്രിസഭാ പുഃനസംഘടനയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. പുഃനസംഘനയെക്കുറിച്ച് സംസ്ഥാന സമേളനത്തില്‍ ഉയര്‍ന്ന ചര്‍ച്ചതള്ളി പറയാനും കോടിയേരി തയാറായില്ല

error: Content is protected !!