സനുഷ കാണിച്ച ധൈര്യം മാതൃകാപരം:പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ

ട്രെയിന്‍ യാത്രക്കിടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചവയാള്‍ക്കെതിരെ പ്രതികരിക്കാന്‍ യുവനടി സനുഷ കാണിച്ച ധൈര്യം മാതൃകാപരമാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. അക്രമികളെ പൊലീസില്‍ ഏല്‍പ്പിക്കാന്‍ കാണിച്ച സനുഷയുടെ ധൈര്യത്തെ അഭിനന്ദിക്കുന്നുവെന്നും ബെഹ്‌റ പറഞ്ഞു.

അഭിനന്ദനം അറിയിച്ചുകൊണ്ട് നടിക്ക് ഉടനെതന്നെ കത്തയക്കുമെന്നും അദ്ദേഹം അറിയിച്ചു. നടി ട്രെയിനിനുള്ളില്‍ ആക്രമിക്കപ്പെടുമ്പോള്‍ രണ്ടു പേര്‍ മാത്രം സഹായത്തിനെത്തിയത് ഞെട്ടിപ്പിക്കുന്നുവെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ അടുത്തകാലത്ത് ഉണ്ടായ അക്രമണസംഭവങ്ങളില്‍ നാട്ടുകാര്‍ ചിലര്‍ മുഖംതിരിച്ചുനിന്നത് കേരളത്തിന് ചേര്‍ന്നതല്ലെന്ന് ഡിജിപി വ്യക്തമാക്കി. സ്ത്രീകള്‍ക്ക് രാത്രിയാത്രകളില്‍ സുരക്ഷ വര്‍ധിപ്പിക്കുവാന്‍ വിദഗ്ധ പരിശീലനം നേടിയ വനിതാ ഗാര്‍ഡുകളെ നിയോഗിക്കുന്ന പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഡിജിപി അറിയിച്ചു.

കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രമധ്യേയാണ് നടി സനുഷയ്‌ക്കെതിരെ സഹയാത്രികനായ തമിഴ്‌നാട് കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസില്‍ നിന്നും ആക്രമണം ഉണ്ടായത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യ്ത് റിമാന്‍ഡ് ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമം 354 വകുപ്പ് ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

error: Content is protected !!