നടി ആക്രമിക്കപ്പെട്ട കേസ്; തെളിവുകള്‍ ദിലീപിന് കൈമാറി

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിന് തെളിവുകള്‍ കൈമാറി. നടിയുമായി വാഹനം കടന്നുപോയ വഴിയിലെ ആറു സിസിടിവി ദൃശ്യങ്ങളാണു കോടതിയുടെ നിർദ്ദേശപ്രകാരം പൊലീസ് കൈമാറിയത്. ഇതോടൊപ്പം രണ്ടു പ്രതികളുടെ മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധനാ റിപ്പോർട്ടും ദിലീപിനു കൈമാറിയിട്ടുണ്ട്.

പൊലീസ് ദിലീപിനു നല്‍കാന്‍ സാധിക്കുന്ന സിസിടിവി ദൃശ്യങ്ങളും 760 രേഖകളും കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയിരുന്നു. ഇതിനു വേണ്ടി രണ്ടു ഹര്‍ജികളാണ് ദിലീപ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. പക്ഷേ ദിലീപിന് നടി ആക്രമക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ നല്‍കിയിട്ടില്ല. ഈ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കിയാല്‍ അത് നടിയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തില്‍ ദുരുപയോഗം ചെയ്യുമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. ഈ ദൃശ്യങ്ങള്‍ ദിലീപിന്റെ സാന്നിധ്യത്തില്‍ പരിശോധിക്കാന്‍ താരത്തിന്റെ അഭിഭാഷകരെ കോടതി അനുവദിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇക്കാര്യം കേസ് വിസ്താര വേളയില്‍ തെളിയിക്കാനായി ദൃശ്യങ്ങള്‍ നല്‍കണമെന്നുമാണ് ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.

error: Content is protected !!