ബിജെപിക്കെതിരെ വീണ്ടും ശിവസേന

ഡല്‍ഹിയിലെ 20 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിയെ വിമര്‍ശിച്ച് എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന രംഗത്ത്. ഡല്‍ഹിയില്‍ ബിജെപി മുഖ്യമന്ത്രിയാണ് അധികാരത്തിലിരുന്നതെങ്കില്‍ ഇത്തരമൊരു നീക്കത്തിന് ധൈര്യപ്പെടുമോ എന്ന് ശിവസേന ചോദിക്കുന്നു. മുഖപത്രമായ സാമ്‌നയിലാണ് ശിവസേന ഇക്കാര്യം പറയുന്നത്.

ഇരട്ടപ്പദവി വിഷയത്തില്‍ എഎപി എംഎല്‍എല്‍മാരെ അയോഗ്യരാക്കിയത് അസാധാരണ നടപടിയാണ്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ മൊത്തത്തില്‍ അയോഗ്യരാക്കപ്പെട്ടത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ ഭരണകാലത്തും സമാന പരാതികളുണ്ടായിരുന്നു. പല സംസ്ഥാനങ്ങളിലും ഇങ്ങനെയുണ്ട്. പക്ഷെ, അവര്‍ക്കൊന്നും പ്രശ്‌നമുണ്ടാകുന്നില്ല’- ശിവസേന അഭിപ്രായപ്പെട്ടു.

‘എംഎല്‍എമാര്‍ക്കു സംഭവത്തെപ്പറ്റി വിശദീകരിക്കാനുള്ള അവസരം പോലും കൊടുക്കാതെയാണു തിരഞ്ഞെടുപ്പു കമ്മിഷന്‍ നടപടിയെടുത്തത്. ധൃതി പിടിച്ചെടുത്ത ഈ തീരുമാനം തെറ്റായിപ്പോയി. കെജ്‌രിവാളിനു പകരം ബിജെപി മുഖ്യമന്ത്രിയാണു അധികാരത്തിലെങ്കില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കു ഇങ്ങനെയൊരു കീഴ്‌വഴക്കമുണ്ടാക്കാന്‍ ധൈര്യപ്പെടുമോ? ബിജെപി ഏജന്റിനെപ്പോലെയാണു ലഫ്റ്റനന്റ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്’- ശിവസേന കുറ്റപ്പെടുത്തി.

പാര്‍ലമെന്ററി സെക്രട്ടറിമാരായി 2015 ല്‍ നിയമിതരായ എം.എല്‍.എമാര്‍ ഇരട്ടപ്പദവിയുടെ പരിധിയില്‍ വരുമെന്നുകാട്ടിയാണ് 20 എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ രാഷ്ട്രപതിയോടു ശുപാര്‍ശ ചെയ്തത്. ശുപാര്‍ശയ്ക്കു രാഷ്ട്രപതി പച്ചക്കൊടി കാട്ടിയതോടെ, നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടിയുടെ അംഗബലം 46 ആയി ചുരുങ്ങി. 70 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തേക്കാള്‍ അംഗബലമുള്ളതിനാല്‍ ഡല്‍ഹി സര്‍ക്കാരിനു ഭീഷണിയില്ല. 20 മണ്ഡലങ്ങളില്‍ ആറു മാസത്തിനകം ഉപതിരഞ്ഞെടുപ്പു നടത്തേണ്ടി വരും.

error: Content is protected !!