മുത്തലാഖ് ബില്‍ പാസാക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

കേന്ദ്ര ബജറ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ മുത്തലാഖ് ബില്‍ പാസാക്കണമെന്ന് ആവശ്യപ്പെട്ടു. മുത്തലാഖ് ബില്‍ ഈ സമ്മേളനത്തില്‍ പാസാക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. മുസ്ലീം വനിതകളുടെ മുന്നേറ്റത്തിനാണ് ബില്‍ ലക്ഷ്യമിടുന്നു എന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഇന്ത്യയുടെ നിര്‍മ്മാണത്തിനു 2018 നിര്‍ണായകമാണ്. ഇതിനു വേണ്ടി സ്വയം സഹായ സംഘങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ജലസേചന സൗകര്യങ്ങള്‍ വികസിപ്പിക്കും. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിന് പ്രത്യേക കരുതല്‍ നല്‍കുന്ന പദ്ധതികള്‍ ആവ്ഷികരിക്കും.അടല്‍പെന്‍ഷന്‍ സ്‌കീം 80 ലക്ഷങ്ങള്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെട്ടതായും രാഷ്ട്രപതി പറഞ്ഞു

വികസനം അടിസ്ഥാനപ്പെടുത്തിയാണ് സര്‍ക്കാര്‍ നയം. ആദിവാസികളുടെ ക്ഷേമത്തിനു വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി ഒന്നിനാണ് പൊതുബജറ്റ് അവതരിപ്പിക്കുക.
ഇത്തവണത്തെ സമ്മേളനത്തില്‍ മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസാക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനുള്ള തിരക്കിട്ട സമവായ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ വിവിധ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ബജറ്റ് സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനു സഹകരണം അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു ചര്‍ച്ച. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, പാര്‍ലമെന്ററികാര്യമന്ത്രി അനന്ത് കുമാര്‍ എന്നിവരും പ്രതിപക്ഷ നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു.
ശീതകാല സമ്മേളനത്തില്‍ ലോക്സഭ മുത്തലാഖ് ബില്‍ പാസ്സാക്കിയിരുന്നു.എന്നാല്‍ പ്രതിപക്ഷം തുടര്‍ച്ചയായി എതിര്‍പ്പുകളമായി സഭാനടപടികള്‍ തടസ്സപ്പെടുത്തിയതിനാല്‍ രാജ്യസഭയുടെ അംഗീകാരം നേടാനായില്ല. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് അന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ഒബിസി കമ്മീഷന് ഭരണഘടനാ പദവി നല്‍കാനുള്ള ബില്ലും ബജറ്റ് സമ്മേളനത്തില്‍ പാസ്സാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
അതേസമയം സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം അറിയിക്കാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷം. കാര്‍ഷികമേഖലയിലെ പ്രതിസന്ധി, തൊഴിലവസരങ്ങള്‍, സത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, വര്‍ഗീയ കലാപങ്ങള്‍ എന്നിവയെല്ലാം പ്രതിപക്ഷം രാഷ്ട്രപതിയുടെ പ്രസംഗത്തിനുശേഷമുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ ഉന്നയിക്കും.

error: Content is protected !!