യുഎസിനെ തകർക്കാൻ ആണവ മിസൈൽ നിര്‍മ്മാണത്തില്‍ ഉത്തരകൊറിയ

യുഎസിനെ തകർക്കാൻ കഴിയുന്ന ആണവ മിസൈൽ നിർമിക്കാൻ ഏതാനും മാസങ്ങൾക്കുള്ളിൽ ഉത്തരകൊറിയയ്ക്കു സാധിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് രഹസ്യാന്വേഷണ വിഭാഗമായ സിഐഎയുടെ തലവൻ രംഗത്ത്. യുഎസിനെ ആക്രമിക്കാൻ സാധിക്കുന്ന മിസൈൽ ഉത്തരകൊറിയ ഉടൻ നിർമിക്കുമെന്നും അതിന് ‘ഏതാനും മാസത്തെ കാലതാമസം’ മാത്രമേ ഉണ്ടാകൂ എന്നും സിഐഎ തലവൻ മൈക് പോമ്പിയോ ബിബിസിക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഉത്തരകൊറിയയും കിം ജോങ് ഉന്നും ഉയർത്തുന്ന വെല്ലുവിളികളെ സിഐഎ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും പോമ്പിയോ പറഞ്ഞു.

അമേരിക്കയെ മുഴുവൻ പരിധിയിലാക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ‘ഹ്വാസോങ്–15’ വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയ ഏതാനും മാസങ്ങൾക്കു മുൻപ് അവകാശപ്പെട്ടിരുന്നു. വിക്ഷേപണ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ, രാജ്യം പൂർണ അണ്വായുധശേഷി കൈവരിച്ചതായും എന്നാൽ സ്വയംരക്ഷയ്ക്കായി മാത്രമേ ഉപയോഗിക്കൂ എന്നും വ്യക്തമാക്കിയിരുന്നു. 2017 സെപ്റ്റംബറിൽ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ച ഉത്തരകൊറിയ തൊട്ടുപിന്നാലെ രണ്ടുതവണ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിക്കുകയും ചെയ്തു. എന്നാൽ, ഉത്തരകൊറിയയുടെ മിസൈലുകൾ യുഎസിനു ഭീഷണിയല്ലെന്നാണ് പെന്റഗണിന്റെ വാദം.

ഏതാനും മാസങ്ങൾക്കുള്ളിൽ ആണവായുധങ്ങളുമായി യുഎസിനെ ലക്ഷ്യമിടാൻ കഴിയുന്ന മിസൈൽ നിർമിക്കാൻ ഉത്തരകൊറിയയ്ക്കു സാധിക്കുമെന്ന് സിഐഎ അംഗങ്ങളുടെ ചർച്ചകളിൽ അഭിപ്രായം ഉയരാറുണ്ടെന്ന് പോമ്പിയോ പറഞ്ഞു. ഇത്തരം വെല്ലുവിളികളെ നയതന്ത്ര തലത്തിനു പുറത്ത് കൈകാര്യം ചെയ്യാൻ സഹായകമായ പലവിധ മാർഗങ്ങൾ പ്രസിഡന്റിന് കൈമാറുകയാണ് തന്റെ ഏജൻസിയുടെ ചുമതലയെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തരകൊറിയയ്ക്കെതിരെ ബലപ്രയോഗത്തിന് മുതിരുന്നതും അവരെ സൈനികമായി ആക്രമിക്കുന്നതും ആ മേഖലയിൽ വൻതോതിലുള്ള ജീവഹാനിക്ക് കാരണമാകുമെന്നും പോമ്പിയോ അഭിപ്രായപ്പെട്ടു. യുഎസിന്റെ സുപ്രധാന സഖ്യകക്ഷികളായ ജപ്പാനും ദക്ഷിണകൊറിയയും ഈ മേഖലയിലാണുള്ളത്. ഇത്തരം ഘടകങ്ങൾകൂടി പരിഗണിച്ചു മാത്രമേ ഉത്തരകൊറിയയ്ക്കെതിരെ എന്തു തീരുമാനവും കൈക്കൊള്ളാനാകൂ. മേൽപ്പറഞ്ഞ വെല്ലുവിളികൾ ഇല്ലായിരുന്നെങ്കിൽ കിം ജോങ് ഉന്നിന്റെ ഭീഷണി വേരോടെ പിഴുതെറിയാൻ യുഎസിനു മുന്നിൽ പല മാർഗങ്ങളുമുണ്ടായിരുന്നെന്നും പോമ്പിയോ വ്യക്തമാക്കി.

ഉത്തരകൊറിയയ്ക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിക്കുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ രീതിയെയും പോമ്പിയോ പ്രശംസിച്ചു. ട്വിറ്ററിലൂടെ പ്രസിഡന്റ് നടത്തുന്ന കടുത്ത ഭാഷാപ്രയോഗം തീർച്ചയായും ഉത്തരകൊറിയയ്ക്കുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയയ്ക്കെതിരെ സംസാരിക്കുമ്പോൾ പ്രസിഡന്റിന്റെ ഭാഷാ രീതി നോക്കൂ. അതു ശ്രദ്ധിക്കുന്ന ഒട്ടേറെ ആളുകളുണ്ട്. ഉത്തരകൊറിയ വിഷയത്തിൽ യുഎസിന്റെ നിലപാടെന്താണ് എന്ന് ഇതിലൂടെ കിം ജോങ് ഉന്നിന് വ്യക്തമായി മനസ്സിലാകുമെന്നും പോമ്പിയോ കൂട്ടിച്ചേർത്തു.

error: Content is protected !!