കോടിയേരിക്ക് പിന്നാലെ ചൈന സ്തുതികളുമായി പിണറായി വിജയന്‍

കണ്ണൂർ: സിപിഐഎം സംസ്ഥാന സെക്രട്ടടി കോടിയേരി ബാലകൃഷ്ണന് പിന്നാലെ ചൈനയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ചൈനയ്ക്കെതിരെ യുഎസ് വിശാലസഖ്യമുണ്ടാക്കുന്നുവെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്കാണ് മുഖ്യമന്ത്രിയുടെ പിന്തുണ. ചൈന വൻ ശക്തിയായി മാറുകയാണെന്ന് പിണറായി ചൂണ്ടിക്കാട്ടി. അമേരിക്കൻ ആഗ്രഹത്തിന് അനുസരിച്ചുള്ള വിദേശനയമാണ് ഇന്ത്യ ചൈനയോട് സ്വീകരിക്കുന്നത്. അമേരിക്കയുടെ തന്ത്രപരമായ സഖ്യകക്ഷിയായി മാറിയ ഇന്ത്യ ചേരിചേരാ നയം അട്ടിമറിച്ചു. അമേരിക്ക ചൈനയ്ക്കെതിരെ വൻ സഖ്യം രൂപികരിക്കുന്നു. അമേരിക്കയ്ക്കെതിരെ വളർന്നു വരുന്നതു കൊണ്ട് ചൈനയെ തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എങ്കിലും ചൈന വൻശക്തിയായി വളരുകയാണെന്നും പിണറായി പറഞ്ഞു. സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്യൂണിസ്റ്റ് പാർട്ടിയിൽ നയവ്യതിയാനങ്ങൾ ഉണ്ടായിട്ടുണ്ട്. വ്യതിയാനങ്ങൾക്കുള്ള ചെറുത്തുനിൽപായിട്ടാണു സിപിഎം ഉണ്ടായത്. ജനാധിപത്യം പൂർണമായും നിലനിൽക്കുന്ന പാർട്ടിയാണ് സിപിഎം. ബിജെപിയെ പ്രതിരോധിക്കാൻ ശരിയായ സമീപനത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ നയത്തിനു മാത്രമേ കഴിയുകയുള്ളൂ. ഏതെങ്കിലും മുന്നണികളുമായി ഏച്ചുകൂട്ടിയ സംവിധാനങ്ങൾ കൊണ്ട് ബിജെപിയെ പ്രതിരോധിക്കാൻ കഴിയില്ല. ബിജെപി വളർന്ന സ്ഥലങ്ങളിൽ കൂട്ടുനിന്നത് കോൺഗ്രസ് നേതാക്കളാണ്. ഈ നേതാക്കൾ പിന്നീട് ബിജെപി നേതാക്കളായി മാറി. എത്ര പാർട്ടികളിൽ ഇന്ന് സമ്മേളനവും തിരഞ്ഞെടുപ്പും ഉണ്ടെന്നും പിണറായി ചോദിച്ചു. ആർഎസ്എസ് വർഗീയ വികാരം ആളിക്കത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്ത് പട്ടികവർഗ വിഭാഗങ്ങൾക്കു നേരെ അക്രമങ്ങൾ വർധിച്ചു. തൊഴിലുറപ്പുപദ്ധതി കേന്ദ്രസർക്കാർ അട്ടിമറിച്ചു. നോട്ടുനിരോധനവും ജിഎസ്ടിയും ജനജീവിതം ദുസ്സഹമാക്കി – പിണറായി പറഞ്ഞു.

error: Content is protected !!