മാത്യു ടി.തോമസ് മാറുന്നു; ജെഡിഎസിൽ നിന്ന് കെ. കൃഷ്ണൻ കുട്ടി പുതിയ മന്ത്രിയാകും

ജലവിഭവവകുപ്പ് മന്ത്രിയും ജെഡിഎസ് എംഎൽഎയുമായ മാത്യു ടി.തോമസ് രാജി വയ്ക്കും. പകരം ജെഡിഎസ്സിൽ നിന്ന് കെ.കൃഷ്ണൻ കുട്ടി എംഎൽഎ പുതിയ മന്ത്രിയാകും. ചിറ്റൂരിൽ നിന്നുള്ള എംഎൽഎയാണ് കെ.കൃഷ്ണൻകുട്ടി. രണ്ടര വർ‍ഷത്തിന് ശേഷം മന്ത്രിസ്ഥാനം വച്ചുമാറാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് സ്ഥാനമാറ്റം. ജെഡിഎസ് ദേശീയ ജനറൽ സെക്രട്ടറി ഡാനിഷ് അലി ബംഗലുരുവിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.

ധാരണപ്രകാരം മാത്യു ടി. തോമസ് മന്ത്രിസ്ഥാനം ഒഴിഞ്ഞില്ലെന്ന് കാട്ടി ജെഡിഎസ്സിൽ ചേരിപ്പോര് ശക്തമായിരുന്നു. മാത്യു ടി. തോമസ്സിനെതിരെ പല തവണ എംഎൽഎമാരായ കെ.കൃഷ്ണൻകുട്ടിയും സി.കെ.നാണുവും ദേശീയനേതൃത്വത്തിന് മുന്നിൽ പരാതിയുമായെത്തി.

ഒടുവിൽ ചേരിപ്പോര് രൂക്ഷമായതോടെയാണ് ജെഡിഎസ് ദേശീയാധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡ പ്രശ്നത്തിലിടപെട്ടത്. മന്ത്രിയോട് സ്ഥാനമൊഴിയാൻ ദേവഗൗഡ തന്നെ നേരിട്ട് നിർദേശിച്ചു. മാത്യു ടി.തോമസ് നേരത്തേയും പാർട്ടി പറയുന്നത് കേട്ടിട്ടുണ്ടെന്നും തീരുമാനം അദ്ദേഹം അംഗീകരിച്ചതായും ഡാനിഷ് അലി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. മന്ത്രിയെ മാറ്റുകയാണെന്ന് മുഖ്യമന്ത്രിയെ ജെഡിഎസ് രേഖാമൂലം അറിയിച്ചുവെന്നാണ് റിപ്പോർട്ട്.

error: Content is protected !!