രാഹുല്‍ ഗാന്ധി വയനാട് വിട്ടേക്കും; സൂചന നല്‍കി കെ സുധാകരന്‍

രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞേക്കും. സൂചന നൽകി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇന്ത്യയെ നയിക്കാൻ രാഹുലിന് വയനാട്ടിൽ നിൽക്കാൻ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മണ്ഡലത്തിലെത്തിയ രാഹുലിന് യുഡിഎഫ് പ്രവർത്തകർ വൻ സ്വീകരണമാണ് നൽകിയത്.

തെരഞ്ഞെടുപ്പിലുണ്ടായ ഉജ്ജ്വല വിജയത്തിന് നന്ദി രേഖപ്പെടുത്താനായി രാഹുലെത്തിത്. എടവണ്ണയിലും കൽപ്പറ്റയിലും രാഹുലിന് ലഭിച്ചത് ഉജ്ജ്വലസ്വീകരണം. റായ്ബറേലിയേയോ വയനാടിനെയോ കയ്യൊഴിയുകയെന്ന ആകാംഷയ്ക്ക് പൂർണ വിരാമമിടാൻ രാഹുൽ തയാറായില്ല. അറിയിച്ചത് ധർമ്മസങ്കടം. അതേസമയം ഭരണഘടനയെ തൊട്ടുകളിക്കരുതെന്ന് മോദിക്ക് ജനം മുന്നറിയിപ്പ് നൽകിയെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു.

വയനാടുമായുള്ള ബന്ധം വോട്ടുകളിലൂടെ മാത്രമല്ലെന്ന് വ്യക്തമാക്കിയ രാഹുൽ റായ്ബറേലിക്കും വയനാടിനും സന്തോഷം നൽകുന്ന തീരുമാനമുണ്ടാകുമെന്നും വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും കടന്നാക്രമിച്ചായിരുന്നു ഇരു വേദികളിലും രാഹുലിൻറെ പ്രസംഗം. ഇതിനിടെയാണ് രാഹുൽ വയനാട് വിട്ടുപോകുമെന്ന സൂചന കെ സുധാകരൻ നൽകിയത്.

അതേസമയം രാഹുൽ വയനാട്ടിൽ തുടരണമെന്നും മറിച്ചാണ് തീരുമാനം എങ്കിൽ സഹോദരി പ്രിയങ്കയെ വയനാടിന് നൽകണമെന്നുമുള്ള ഫ്ളക്സുകളും പോസ്റ്ററുകളും പൊതുയോഗങ്ങളിലുയർന്നു.

error: Content is protected !!