സാഹിത്യകൃതികള്‍ അനുഭവങ്ങളുടെ മഹാസമുദ്രം: ഇബ്രാഹിം വെങ്ങര

സാഹിത്യകൃതികള്‍ കെട്ടിനിര്‍ത്തിയ തടാകമല്ല; അനുഭവങ്ങളുടെ മഹാ സമുദ്രമാണെന്ന് പ്രശസ്ത നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വെങ്ങര പറഞ്ഞു. ചാല ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജില്ലാതല വായനാ ദിനാഘോഷ പരിപാടിയില്‍ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുഭവങ്ങളുടെ ഈ മഹാസമുദ്രത്തെ അറിയാന്‍ വായന ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഠിനമായ ജീവിത വഴി താണ്ടി നാടക രചയിതാവും സംവിധായകനുമാകാന്‍ വായന എങ്ങനെ സഹായിച്ചുവെന്ന അനുഭവം അദ്ദേഹം പങ്കുവെച്ചു.
നല്ല ഭക്ഷണം എങ്ങനെ ആരോഗ്യം പ്രദാനം ചെയ്യുന്നുവോ അതുപോലെ നല്ല വായന ബുദ്ധിപരമായ വികാസത്തിന് ഏറെ പ്രയോജനകരമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അഭിപ്രായപ്പെട്ടു. അനുഭവങ്ങളുടെ വ്യത്യസ്ത ലോകമാണ് ഓരോ പുസ്തകങ്ങളും പകര്‍ന്നു നല്‍കുന്നത്. ഗ്രന്ഥകാരന്‍ നേരില്‍ വന്ന് നമ്മളോട് തന്റെ അനുഭവം പങ്കുവെക്കുന്നതായി കണ്ട് വേണം നമ്മള്‍ പുസ്തകങ്ങള്‍ വായിക്കാന്‍ – കലക്ടര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷത വഹിച്ചു.  ജില്ലാ ലൈബ്രറി കൗണ്‍സില്‍  സെക്രട്ടറി പി കെ വിജയന്‍ വായനാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പിഎന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം പി കെ പ്രേമരാജന്‍ നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം കെ വി ബിജു, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ കെ സുരേശന്‍, ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു അരവിന്ദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, ഡിഡിഇ  ഇന്‍ ചാര്‍ജ് എ എസ് ബിജേഷ്,  ഹയര്‍ സെക്കണ്ടറി എജ്യുക്കേഷന്‍ അസി: കോ ഓര്‍ഡിനേറ്റര്‍  വി സ്വാതി, എസ് എസ് കെ ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ഇ സി വിനോദ്, വിദ്യാകിരണം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ സി സുധീര്‍, ഡി ഇ ഒ ഇന്‍ ചാര്‍ജ് ഒ സി പ്രസന്നകുമാരി, , സാക്ഷരത മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി പ്രശാന്ത് കുമാര്‍, പിടിഎ പ്രസിഡണ്ട് എം വി നികേഷ് , സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി പ്രസീത, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് നയന, ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് കെ റുക്‌സാന എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടന്നു.
ജൂണ്‍ 19 മുതല്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ജില്ലാതല സംഘാടക സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി വായന പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നോവല്‍ ആസ്വാദനം (യു പി വിഭാഗം മാത്രം), തിരക്കഥാ രചന (ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗം),  ‘വാര്‍ത്തകള്‍ക്കപ്പുറം’-പത്രവാര്‍ത്താ അവലോകന സ്‌കൂള്‍ ന്യൂസ് ലെറ്റര്‍ മത്സരം (ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ക്ക്) എന്നിവയാണ് ഈ കാലയളവില്‍ സംഘടിപ്പിക്കുക.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം, കേരള ലൈബ്രറി കൗണ്‍സില്‍, പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, സാക്ഷരത മിഷന്‍, വിദ്യാ രംഗം കലാ സാഹിത്യ വേദി എന്നീ വകുപ്പുകളും സംഘടനകളും സംയുക്തമായാണ് വായനാ മാസാഘോഷം സംഘടിപ്പിക്കുന്നത്.
error: Content is protected !!