കാഫിര്‍ പോസ്റ്റ് വ്യാജം, നിര്‍മ്മിച്ചത് യൂത്ത്‌ലീഗ് നേതാവല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

വടകര ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രചരിച്ച കാഫിർ പോസ്റ്റർ വ്യാജമെന്ന് കണ്ടെത്തൽ. മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി.കെ മുഹമ്മദ് കാസിമല്ല പോസ്റ്റ് നിർമിച്ചത് എന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.

കേസിൽ 12 പേരുടെ മൊഴി രേഖപ്പെടുത്തി. അമ്പാടിമുക്ക് സഖാക്കൾ എന്ന പേജ് ആരാണ് കൈകാര്യം ചെയ്യുന്നതെന്ന് സൈബർ സെൽ കോഴിക്കോട് വിഭാഗം അന്വേഷിക്കുകയാണെന്നും ഇതിനായി ഫെയ്സ്ബുക്കിനോട് മറുപടി തേടിയെന്നും അന്വേഷണ സംഘം കേരള ഹൈക്കോടതിയിൽ പറഞ്ഞു.

കാഫിർ പരാമർശം ഉൾപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്യാത്തതിന് ഫെയ്സ്ബുക്കിന്റെ നോഡൽ ഓഫീസറെ പ്രതിചേർത്തിട്ടുണ്ട്. ഫെയ്സ്ബുക്കിൽ നിന്ന് കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

പോരാളി ഷാജിയുടെ പ്രൊഫൈലിന് പിന്നിലാരാണെന്നും ഫെയ്സ്ബുക്കിനോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സിപിഐഎം നേതാവ് കെ കെ ലതികയുടെ ഫോണ്‍ പരിശോധിച്ചുവെന്നും മഹ്സർ തയ്യാറാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കേസിൽ ഹർജിക്കാരനോട് മറുപടി സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. ഹർജി ജൂണ്‍ 28ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

error: Content is protected !!