‘മൈക്കിനോടുപോലും കയര്‍ക്കുന്നു, വിദേശയാത്ര ഒഴിവാക്കാമായിരുന്നു’; മുഖ്യമന്ത്രിക്ക് സിപിഐഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. മുഖ്യമന്ത്രി വിദേശ യാത്രാ വിവാദം ഒഴിവാക്കേണ്ടിയിരുന്നുവെന്ന് സംസ്ഥാന സമിതിയില്‍ അഭിപ്രായം ഉയര്‍ന്നു. അനവസരത്തിലെ യാത്ര അനാവശ്യ വിവാദത്തിനിടയാക്കി. മൈക്കിനോട് പോലും കയര്‍ക്കുന്ന തരം അസഹിഷ്ണുത അവമതിപ്പ് ഉണ്ടാക്കി. പൊതുസമൂഹത്തിലെ ഇടപെടലില്‍ നിലവിലെ ശൈലി തിരുത്തപ്പെടേണ്ടതാണ്. ജില്ലാ കമ്മിറ്റികളില്‍ അടക്കം മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ അവഗണിക്കരുതെന്നും സിപിഐഎം സംസ്ഥാന സമിതിയില്‍ വിലയിരുത്തി.

എല്‍ഡിഎഫ് കണ്‍വീനർ ഇ പി ജയരാജനെതിരെയും വിമര്‍ശനമുയര്‍ന്നു. ദല്ലാള്‍ ബന്ധം ഒഴിവാക്കേണ്ടിയിരുന്നതായിരുന്നുവെന്നാണ് വിമര്‍ശനം. മേയര്‍- സച്ചിന്‍ദേവ് വിവാദത്തില്‍ അംഗങ്ങളില്‍ നിന്ന് വിമര്‍ശനമുണ്ടായി. വിവാദം പൊതുസമൂഹത്തില്‍ അവമതിപ്പ് ഉണ്ടാക്കി. പാര്‍ട്ടി സംസ്ഥാനസമിതി പിന്തുണക്കരുതായിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ പ്രചാരണം ഷെഡ്യൂള്‍ ചെയ്യാത്തത് കേന്ദ്ര നേതൃത്വത്തിന്റെ വീഴ്ചയാണെന്നും അഭിപ്രായമുണ്ട്.

പെന്‍ഷനും സപ്ലൈകോയില്‍ അവശ്യ സാധനങ്ങളും മുടങ്ങിയതു ഒഴിവാക്കണമായിരുന്നുവെന്നാണ് ധനവകുപ്പിനെ വിമര്‍ശിച്ച് സ്റ്റേറ്റ് കമ്മിറ്റി വിലയിരുത്തി. സര്‍ക്കാരിന്റെ മുന്‍ഗണന എന്തെന്ന് നിശ്ചയിക്കണം. മുന്‍ഗണന നിശ്ചയിച്ച് വേണം ജനവിശ്വാസം തിരിച്ചു പിടിക്കാന്‍ എന്നും നിര്‍ദേശമുണ്ട്.

ഈഴവ സമുദായം സിപിഐഎമ്മില്‍ നിന്ന് അകന്നുവെന്ന് സംസ്ഥാന കമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നു. ആലപ്പുഴയില്‍ വെള്ളാപ്പള്ളിയുടെ കുടുംബമടക്കം പ്രചാരണത്തിനിറങ്ങിയത് തിരിച്ചടി ഉണ്ടാക്കി. തിരുത്തല്‍ നടപടിയില്‍ വിശദമായ ചര്‍ച്ച വേണമെന്നും സിപിഐഎം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

error: Content is protected !!