പക്ഷിപ്പനി ഭീതിയിൽ ആലപ്പുഴ; വിശദമായ പഠനത്തിന് സർക്കാർ വിദഗ്ധ സംഘത്തെ നിയോഗിച്ചു

മുഹമ്മയിൽ കാക്കകൾ ചത്തുവീണത് പക്ഷിപ്പനിയെ തുടർന്നാണെന്ന് സ്ഥിരീകരിച്ചതോടെ ആലപ്പുഴയിൽ ആശങ്ക ഉയരുന്നു. കാക്കകളിലും രോഗബാധ ഉറപ്പിച്ചതോടെ പഠനത്തിന് സർക്കാർ വിദഗ്ധ സംഘത്തെ നിയോഗിച്ചു. മുഹമ്മ പഞ്ചായത്തിലെ 9ാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചശേഷമാണ് കാക്കകൾ അസ്വാഭാവികമായി ചത്ത് വീഴുന്നത് ശ്രദ്ധയിൽപെട്ടത്.

ഭോപ്പാൽ ഹൈ സെക്യൂരിറ്റി ലാബിലെ സാംപിൾ പരിശോധനയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതാദ്യമായാണ് കേരളത്തിൽ കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. ആലപ്പുഴയിലെ കഞ്ഞിക്കുഴിയിൽ കോഴികൾ ചത്തതും പക്ഷിപ്പനി ബാധിച്ചാണെന്ന പരിശോധന ഫലവും ലഭിച്ചു.

ഏപ്രിൽ മാസത്തിൽ കുട്ടനാട്ടിലെ എടത്വയിലും ചെറുതന പഞ്ചായത്തിലുമാണ് ആദ്യം പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകളിലുണ്ടായ രോഗബാധ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പടർന്നു. പത്തനംതിട്ട, കോട്ടയം ജില്ലകളിലും പക്ഷിപ്പനി ഉണ്ടായിരുന്നു. തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രം, കോട്ടയം മണർകാട്ടെ കോഴി വളർത്തൽ കേന്ദ്രത്തിലും രോഗം സ്ഥിരീകരിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി ആലപ്പുഴ ജില്ലയിൽ മാത്രം 73,662 വളർത്ത് പക്ഷികളെയാണ് കൊന്നൊടുക്കിയത്. മൂന്നു ജില്ലകളിലായി ഒരു ലക്ഷത്തിലധികം പക്ഷികളെ കൊന്നു കഴിഞ്ഞു.

error: Content is protected !!