അപകടത്തിൽപ്പെട്ട സ്ത്രീയെ ബസിൽ ആശുപത്രിയിലെത്തിച്ചു; ഡ്രൈവർക്കെതിരെ കേസ്

പത്തനംതിട്ടയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്ന സ്ത്രീയെ സ്വകാര്യ ബസ്സിൽ കയറ്റി ആശുപത്രിയിൽ എത്തിച്ച ബസ് ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പരാതി. ആശുപത്രിയിലെത്തിച്ചെങ്കിലും സ്ത്രീ മരിച്ചു. സ്ത്രീയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം സ്വകാര്യ ബസ്സാണെന്ന് കാണിച്ചാണ് ഡ്രൈവർക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്.

സെപ്റ്റംബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തനംതിട്ട തിരുവല്ല റൂട്ടിൽ സർവീസ് നടത്തുന്ന ഇമ്മാനുവൽ ബസ് ഡ്രൈവർ ഷിബിൻ ബിജുവിനെ പ്രതിയാക്കിയാണ് തിരുവല്ല പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. താൻ ഓടിച്ച ബസ്സല്ല സ്ത്രീയെ ഇടിച്ചിട്ടതെന്നും ബസിന്റെ പുറകിൽ സഞ്ചരിച്ചിരുന്ന വാഹനമാണ് സ്ത്രീയെ ഇടിച്ചതെന്നും ഡ്രൈവർ ഷിബിൻ പറയുന്നു.ബസ്സിന്റെ ഇടതുവശത്തുകൂടി സ്ത്രീ നടന്നുപോകുന്നത് താൻ മിററിൽ കൂടി കണ്ടിരുന്നു. ബസ്സിന്റെ പുറകിൽ മറ്റേതോ വാഹനം ഇടിച്ചത് പോലെയുള്ള ശബ്ദം കേട്ടാണ് ബസ് നിർത്തിയത്. ഇറങ്ങി നോക്കിയപ്പോൾ ഒരു സ്ത്രീ കമിഴ്ന്നു കിടക്കുന്നതാണ് കണ്ടത്. വാഹനങ്ങൾക്ക് കൈ കാണിച്ചിട്ട് നിർത്താത്തതിനാലാണ് ബസ്സിൽ സ്ത്രീയെ തിരുവല്ല സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ സ്ത്രീയുടെ ജീവൻ രക്ഷിക്കാനായില്ല. നിരപരാധിയെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയതായും ഡ്രൈവർ ഷിബിൻ പറഞ്ഞു.

തിരുനെൽവേലി സ്വദേശിനി 55 വയസ്സുള്ള ശെല്ല ദുരൈച്ചിയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് ശുപ്പയ്യ പാണ്ഡ്യനാണ് പൊലീസിൽ പരാതി നൽകിയത്. എഫ്ഐആറിൽ ബസ് സ്ത്രീയുടെ കയ്യിലിരുന്ന ആക്രി കമ്പിയിൽ തട്ടിയതായും തുടർന്ന് റോഡിലേക്ക് വീണ് തലയ്ക്ക് ഗുരുതര പരിക്ക് സംഭവിച്ചതായുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഐപിസി 1860, 273,304 എ പ്രകാരമാണ് ബസ് ഡ്രൈവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

error: Content is protected !!