വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി: പോസ്റ്റ് ഓഫീസുകള്‍ വഴി ആനുകൂല്യം സ്വന്തമാക്കാം

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ ആനുകൂല്യം ലഭിക്കാത്തവര്‍ക്ക് തപാല്‍വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് വഴി ആധാര്‍ സീഡ് ചെയ്ത് അക്കൗണ്ട് തുടങ്ങാന്‍ അവസരം. സെപ്റ്റംബര്‍ 30ന് മുമ്പായി പോസ്റ്റ് ഓഫീസുകള്‍ വഴി ആധാര്‍ സീഡ് ചെയ്താല്‍ ഒക്ടോബറില്‍ വിതരണം ചെയ്യുന്ന അടുത്ത ഗഡുവും മുടങ്ങിയ ഗഡുക്കളും കര്‍ഷകര്‍ക്ക് ലഭിക്കും. ആധാര്‍ നമ്പര്‍, ഒ ടി പി ലഭിക്കാന്‍ മൊബൈല്‍ ഫോണ്‍, അക്കൗണ്ട് തുറക്കാന്‍ 200 രൂപ എന്നിവയുമായി പോസ്റ്റ് ഓഫീസിലോ, പോസ്റ്റ്മാനെയോ സമീപിക്കാം. ആനുകൂല്യം ലഭിക്കാന്‍ ആധാര്‍ ബന്ധിത ബാങ്ക് അക്കൗണ്ട് തുടങ്ങണം. അക്ഷയകേന്ദ്രം വഴിയോ വെബ്‌സൈറ്റ് മുഖേന സെല്‍ഫ് മോഡിലോ ആധാര്‍ ഉപയോഗിച്ച് ഇ-കെ വൈ സി രജിസ്‌ട്രേഷന്‍ നടത്തണം. കൃഷിഭവനില്‍ ഭൂരേഖ സമര്‍പ്പിക്കലും പരിശോധനയും നടത്തണം.
ജില്ലയിലെ 14403 കര്‍ഷകര്‍ക്ക്  പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭ്യമായിട്ടില്ല. ആധാര്‍ ബന്ധിത അക്കൗണ്ടില്ലാത്തതിനാലാണ് കര്‍ഷകരില്‍ പലര്‍ക്കും ആനുകൂല്യം ലഭിക്കാത്തത്. രണ്ട് ഹെക്ടര്‍ വരെ കൃഷിയോഗ്യമായ ഭൂമിയുള്ള അര്‍ഹരായ ചെറുകിട കര്‍ഷകര്‍ക്ക് അക്കൗണ്ടിലേക്ക് മൂന്ന് ഗഡുക്കളായി 2,000 രൂപ വീതം സര്‍ക്കാര്‍ നേരിട്ട് നിക്ഷേപിക്കുന്നതാണ് പദ്ധതി.

വഖഫ്  അദാലത്ത് 21 ന് കണ്ണൂരില്‍

സംസ്ഥാന വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ  വഖഫ്  സ്ഥാപനങ്ങളുടെ കുടിശ്ശിക സംബന്ധിച്ച വിഷയങ്ങള്‍ പരിഹരിക്കുന്നതിന്  വഖഫ്  അദാലത്ത് സെപ്റ്റംബര്‍ 21ന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.30 വരെ കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടക്കും.  വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം കെ സക്കീര്‍ അദാലത്ത് ഉദ്ഘാടനം ചെയ്യും.

ജി ഐ എഫ് ഡി  തല്‍സമയപ്രവേശനം

ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ (ജി ഐ എഫ് ഡി ) ഈ അധ്യയന വര്‍ഷത്തെ ദ്വിവല്‍സര കോഴ്‌സില്‍ സീറ്റ് ഒഴിവുണ്ട്. ഒഴിവുകളിലേക്കുള്ള തല്‍സമയ പ്രവേശനം സെപ്റ്റംബര്‍ 21ന് തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കും. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 9.30 മുതല്‍ 11 മണിവരെ രജിസ്റ്റര്‍ ചെയ്യണം. മതിയായ അപേക്ഷകര്‍ ഇല്ലെങ്കില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാത്തവരെയും പരിഗണിക്കും. ഫോണ്‍: 0497 2835260, 9495787669.

പട്ടയകേസുകളുടെ വിചാരണ മാറ്റി

കലക്ടറേറ്റില്‍ സെപ്റ്റംബര്‍ 20ന് നടത്താനിരുന്ന പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കുകളിലെ ദേവസ്വം പട്ടയകേസുകളുടെ വിചാരണ ഒക്ടോബര്‍ 19ലേക്ക് മാറ്റിയതായി ആര്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

വീഡിയോ നിര്‍മാണ മത്സരം

ജില്ലാ മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യദിനവുമായി ബന്ധപ്പെട്ട് വീഡിയോ നിര്‍മാണ മത്സരം നടത്തുന്നു. മത്സരാര്‍ഥികള്‍ ‘മാനസികാരോഗ്യം ഒരു സാര്‍വത്രിക മനുഷ്യാവകാശമാണ്’ എന്ന വിഷയത്തില്‍ മൂന്നു മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ഒക്ടോബര്‍ മൂന്നിനകം dmhpkannur@gmail.com എന്ന മെയിലില്‍ അയക്കണം. ഒന്നാംസമ്മാനത്തിന് 3000 രൂപയും രണ്ടാംസമ്മാനത്തിന് 2000 രൂപയും മൂന്നാംസമ്മാനത്തിന് 1000 രൂപയും ലഭിക്കും. കൂടാതെ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജനങ്ങളില്‍ അവബോധം നല്‍കുന്നതിനായി വീഡിയോ ഉപയോഗിക്കും. ഫോണ്‍: 04972734343.

ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ എക്സൈസ് വകുപ്പില്‍ വുമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (1 എന്‍ സി എ – ഹിന്ദു നാടാര്‍ – 578/2021), (എന്‍ സി എ – എസ് സി – 580/2021) തസ്തികയിലേക്ക് 2023 മെയ് 19ന് പി എസ് സി നടത്തിയ ഒ എം ആര്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്‌സ്മാന്‍ (വയര്‍മാന്‍)(762/2021)  തസ്തികയിലേക്ക് 2023 മാര്‍ച്ച് 11ന് നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

ഹിന്ദി ട്രെയിനിംഗിന് അപേക്ഷിക്കാം

വിദ്യാഭ്യാസവകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടൂ അല്ലെങ്കില്‍ ഹിന്ദി ബിഎ പാസായിരിക്കണം. പ്ലസ് ടൂ രണ്ടാം ഭാഷ ഹിന്ദി എടുക്കാത്തവര്‍ ഹിന്ദി പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്‌സ് ജയിച്ചിരിക്കണം. പ്രായപരിധി 17നും 35 നും ഇടയില്‍. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കും മറ്റു പിന്നോക്കക്കാര്‍ക്കും സീറ്റ് സംവരണം ലഭിക്കും. അവസാന തീയതി സെപ്തംബര്‍ 30. അപേക്ഷാഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും പ്രിന്‍സിപ്പാള്‍, ഭാരത്ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍ എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 04734296496, 8547126028.

പി ജി സീറ്റ് ഒഴിവ്

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള മാനന്തവാടി ഗവ.കോളേജില്‍ എം എ ഇംഗ്ലീഷ്, എം എ ഡവലപ്‌മെന്റ് ഇക്കണോമിക്‌സ്, എം കോം ഫിനാന്‍സ്, എം എസ് സി ഇലക്ട്രോണിക്‌സ് എന്നീ കോഴ്‌സുകളില്‍ എസ്‌ സി/ എസ് ടി വിഭാഗത്തില്‍ സീറ്റ് ഒഴിവ്. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 20ന് നാല് മണിക്ക് മുമ്പായി കോളേജില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണം. ഫോണ്‍: 9497109689, 9495647534.

പോത്ത് വളര്‍ത്തല്‍ പരിശീലനം

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 25ന് പോത്ത് വളര്‍ത്തലിൽ പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ സെപ്റ്റംബര്‍ 23ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04972 763473

താല്‍ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഈ അധ്യയന വര്‍ഷത്തെ ജി എന്‍ എം കോഴ്‌സുകളിലേക്കുള്ള അപേക്ഷകരില്‍ നിന്നും അര്‍ഹരായവരെ തെരഞ്ഞെടുത്ത് താല്‍ക്കാലിക റാങ്ക് ലിസ്റ്റ് പ്രിദ്ധീകരിച്ചു.  ലിസ്റ്റ് പള്ളിക്കുന്ന് ഗവ.നഴ്‌സിങ് സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.  ലിസ്റ്റിന്‍മേല്‍ പരാതിയുള്ളവര്‍ ഒക്‌ടോബര്‍ മൂന്നിന് വൈകിട്ട് അഞ്ച് മണിക്കകം കണ്ണൂര്‍ ഗവ.നഴ്‌സിങ് സ്‌കൂളില്‍ അറിയിക്കേണ്ടതാണ്.  ഫോണ്‍: 0497 2705158.

ചിത്രരചനാ മത്സരം

ലോക ടൂറിസം ദിനമായ സെപ്റ്റംബര്‍ 27ന് ഡിടിപിസിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു. കെ ജല, എല്‍ പി, യു പി, എച്ച് എസ്, എച്ച് എസ് എസ്/ പോളി ടെക്‌നിക്/ ഐ ടി ഐ, കോളേജ് എന്നീ കാറ്റഗറികളിലായാണ്  മത്സരം. തലശ്ശേരി ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്  മ്യൂസിയത്തില്‍ രാവിലെ 11 മണിക്ക് ചിത്ര രചനാ മത്സരം നടത്തും.  രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ഡിടിപി സി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ നമ്പര്‍ : 0497 2706336, 0497 2960336, 9447524545.

error: Content is protected !!