ഇനി തങ്കപാണ്ടിക്കും നാഗമ്മയ്ക്കും പഠിക്കാം… വീട്ടിലിരുന്നു തന്നെ

കണ്ണൂർ : അഞ്ചാംക്ലാസുകാരന്‍ തങ്കപാണ്ടിക്കും സഹോദരി നാഗമ്മയ്ക്കും ഇനി സ്വന്തം വീട്ടില്‍ ഇരുന്ന് തന്നെ ഓണ്‍ലൈന്‍ പഠനമാകാം. വീട്ടില്‍ ടിവിയോ സ്മാര്‍ട്ട് ഫോണോ ഇല്ലാത്തതിനാല്‍ പഠനം മുടങ്ങുമെന്ന ഇവരുടെ ആശങ്ക അവസാനിച്ചു. ജില്ലയില്‍ ആരംഭിച്ച ഇ-ക്ലാസ് ചലഞ്ചിന്റെ ഭാഗമായി ഇവര്‍ക്ക് പുത്തന്‍ ടിവി ലഭിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ലോക് ഡൗണ്‍ കാലത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ ഇല്ലായ്മകളില്‍ വളര്‍ന്ന ഈ കുഞ്ഞുമനസുകള്‍  ഒന്ന് പിടഞ്ഞിരുന്നു.  വീട്ടില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ലഭിക്കുന്നതിനുള്ള  സംവിധാനങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ജില്ലാ ലൈബ്രറിയിലെ ടെലിവിഷനെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇവര്‍ ആശ്രയിച്ചിരുന്നത്. ഇത് വാര്‍ത്തയായതോടെയാണ് ഇവര്‍ക്ക് പഠനത്തിനുള്ള പുതുവഴികള്‍ തുറന്നത്. അപ്പോഴും വീട്ടില്‍ തന്നെ പഠിക്കാനുള്ള സൗകര്യം കിട്ടിയിരുന്നെങ്കില്‍ എന്ന ആഗ്രഹം ഇവര്‍ ഉള്ളില്‍ ഒതുക്കി.

ഒരു ദിവസത്തെ ക്ലാസ്സിന് എത്തിച്ചേരാന്‍ യാത്ര ചെലവിനായുള്ള പണം കടം വാങ്ങുകയായിരുന്നു ഇവര്‍. പഠിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ചേച്ചി സുര്‍ളിയമ്മാളിനും അനുജന്‍ ശിവയക്കും ഓണ്‍ലൈന്‍ ക്ലാസ്സിന് എത്തുന്നതിന് യാത്ര ചെലവ് തടസ്സമായിരുന്നു. എന്നാല്‍ ജില്ലാ പഞ്ചായത്തിന്റെ ഇ ചലഞ്ചാണ് ഇവരുടെ സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്നത്.

കൂലിപ്പണിക്കാരായ ഇവരുടെ മാതാപിതാക്കള്‍ക്ക് ലോക് ഡൗണ്‍ കാരണം മാസങ്ങളായി ജോലിക്ക് പോകാന്‍ സാധിച്ചിട്ടില്ല. വീട്ടില്‍ തന്നെ പഠിക്കാനുള്ള  സൗകര്യം  കിട്ടിയിരുന്നെങ്കില്‍ എന്ന് ആശിച്ച ഇവര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  കെ വി സുമേഷാണ് ടി വി  കൈമാറിയത്.  പഠനത്തിനായി സംവിധാനങ്ങള്‍ ലഭിച്ച സന്തോഷത്തിലാണ് ഈ കുടുംബം. വീടുകളില്‍ ടിവിയോ സ്മാര്‍ട്ട് ഫോണോ ഇല്ലാത്തതിനാല്‍ ഒരു വിദ്യാര്‍ഥിയുടെയും പഠനം മുടങ്ങരുതെന്ന് ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത ഈ മഹായജ്ഞം ചിറക് നല്‍കിയത് തങ്കപ്പാണ്ടിയേയും നാഗമ്മയേയും പോലുള്ള നിരവധി പേരുടെ സ്വപ്‌നങ്ങള്‍ക്കാണ്.

ജില്ലാ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍ മാസ്റ്റര്‍, അംഗം അജിത് മാട്ടൂല്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!