സമ്പര്‍ക്കം വഴി കൊവിഡ്: കണ്ണൂര്‍ നഗരത്തില്‍ കര്‍ശന നിയന്ത്രണം

കണ്ണൂര്‍: കണ്ണൂരിൽ ഉറവിടം തിരിച്ചറിയാത്ത കോവിഡ് ബാധ ഉണ്ടായതിനെത്തുടര്‍ന്ന്‍ നഗരത്തില്‍ കര്‍ശന നിയന്ത്രണം. കോർപ്പറേഷൻ പരിധിയിലെ താമസക്കാരനായ പതിനാലുകാരനാണ് ഇന്നലെ  രോഗം സ്ഥിരീകരിച്ചത്.  ഇതേത്തുടര്‍ന്ന്‍ കണ്ണൂർ നഗരം ഭാഗികമായി അടച്ചിടാൻ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഇന്ന് ഉച്ചക്ക് രണ്ടു മണിമുതൽ ആയിരിക്കും ഇവിടെ നിയന്ത്രണങ്ങൾ നിലവിൽ വരിക.

കണ്ണൂർ നഗരത്തിലെ ഒരു ഫ്ലാറ്റിൽ താമസിക്കുന്ന പതിനാലുകാരനാണ് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങളോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ച ഇയാൾ നിലവിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇയാൾക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല.

ഇതെ തുടർന്ന് കണ്ണൂർ നഗരം ഭാഗികമായി അടയ്ക്കാൻ കലക്ടർ ഉത്തരവിട്ടു. കണ്ണൂർ കോർപ്പറേഷനിലെ 51,52,53 ഡിവിഷനുകളായ കാനത്തൂർ, പയ്യാമ്പലം, താളിക്കാവ് എന്നിവിടങ്ങളിലാണ് നിയന്ത്രണം. വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായും അടച്ചു. നഗരത്തിലെ ഗതാഗതത്തിനും നിയന്ത്രണമുണ്ട്.

 

 

 

error: Content is protected !!