കോവിഡ്​ ബാധിച്ച് മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥന് നാടിൻ്റെ യാത്രാമൊഴി ; സുനിൽകുമാറിന്റെ മൃതദേഹം സംസ്‌ക്കരിച്ചു

കണ്ണൂർ : കോവിഡ് ബാധിച്ച്​ മരിച്ച യുവ എക്‌സൈസ് ഉദ്യോഗസ്ഥന് നാടിൻ്റെ യാത്രാമൊഴി. പടിയൂരിലെ ബ്ലാത്തൂർ എന്ന ഗ്രാമം എന്തുചെയ്യണമെന്നറിയാതെ വിറങ്ങലിച്ചുനിന്ന സമയം . ജീവിതത്തോട് മല്ലിട്ട് ജീവിച്ച സുനിൽ കുമാർ എന്ന 28 കാരന്റെ മരണം ഇവർക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ കല്പണിക്കാരാനായി മുന്നോട്ടുപോകുമ്പോഴും സുനിൽകുമാർ സ്വപ്‍നം കണ്ടത് നല്ല ജോലിയും ജീവിതവുമായിരുന്നു.അതിനായി അക്ഷീണം പരിശ്രമിച്ചാണ് എക്‌സൈസിൽ ജോലി ലഭിച്ചത്.

ജോലി നേടി മാസങ്ങൾക്കകം കോവിഡ് എന്ന മഹാമാരി അവനെ തട്ടിയെടുത്തപ്പോൾ നഷ്ടമായത് ഒരു കുടുംബത്തിൻറെ ഒപ്പം ഗ്രാമത്തിന്റെ തന്നെ പ്രതീക്ഷയാണ്.അവസാനമായി ഒരുനോക്ക് കാണാൻപോലുമാവാതെ അവരുടെ സുനി യാത്രയായി.മട്ടന്നൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ ഡ്രൈവർ ഇരിക്കൂറിനടുത്ത പടിയൂര്‍ ബ്ലാത്തൂർ സ്വദേശി സുനില്‍കുമാർ (28) നാണ് നാട് കണ്ണീരോടെ വിടയേകിയത്.

രോഗ ബാധിതനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കവെ വ്യാഴാഴ്​ച രാവിലെയോടെ സുനിൽ മരിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പടിയൂർ ഗ്രാമപഞ്ചായത്തിലെ
ഊരത്തൂർ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.

സംസ്കാര ചടങ്ങുകൾക്ക് ജമാഅത്തെ ഇസ് ലാമിയുടെ സന്നദ്ധ സേവന വിഭാഗവുമായ ഐ.ആർ.ഡബ്ല്യു വളണ്ടിയർമാർ നേതൃത്വം നൽകി. ജില്ലാ ലീഡർ കെ.കെ.ഫിറോസിൻ്റെ നിയന്ത്രണത്തിൽ വളൻ്റിയർമാരായ കെ.എം.അഷ്ഫാഖ്, എൻ മുഹ്സിൻ, നൂറുദ്ദീൻ, അബ്ദുസലാം, അബ്ദുല്ല എന്നിവർ പി.പി.ഇ കിറ്റണിഞ്ഞാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്.

മൂന്നു ദിവസം മുമ്പാണ് സുനിൽകുമാറിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ന്യൂമോണിയ ഉള്‍പ്പെടെ സ്ഥിരീകരിക്കുകയായിരുന്നു. ബുധനാഴ്​ച വൈകിട്ട്​ മുതൽ ആരോഗ്യ നില വഷളായതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.

ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മട്ടന്നൂര്‍ എക്‌സൈസ് ഓഫിസ് അടയ്ക്കുകയും 18 ജീവനക്കാര്‍ ക്വാറൻറീനില്‍ പോകുയും ചെയ്തിരുന്നു. സുനിൽകുമാറിന് രോഗം ബാധിച്ചതെങ്ങനെയാണെന്ന കാര്യം വ്യക്തമല്ല.

സഹപ്രവർത്തകൻ്റെ അകാല വേർപാടിൽ കേരള സ്റ്റേറ്റ്എക്സൈസ് ഓഫിസേർസ് അസോസിയേഷൻ ദുഖം രേഖപ്പെടുത്തി.കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ പി.കെ സുരേഷ്,കേരള സ്റ്റേറ്റ് എക്സൈസ് ഓഫീസേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡണ്ട് കെ.എസ്. ഷാജി(അസി. എക്സൈസ് കമ്മീഷണർ), ജില്ലാ സെക്രട്ടറി, വിജേഷ് (എക്സൈസ് ഇൻസ്പെക്ടർ മട്ടന്നൂർ റെയിഞ്ച്), സംസ്ഥാന സെക്രട്ടറി കെ.ഷാജി(എക്സൈസ് ഇൻസ്പെക്ടർ ,കൂത്തുപറമ്പ് റെയിഞ്ച്)എന്നിവർ അനുശോചിച്ചു.

error: Content is protected !!