ഓണ്‍ലൈന്‍ പഠനം നിര്‍ത്തിവെക്കണമെന്നാവശ്യം: ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗകര്യം ഒരുക്കുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നാല്, അഞ്ച് ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ അമ്മയായ കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി സി സി ഗിരിജയാണ് ഹൈക്കോടതിയെ സമീപിച്ചത്.

നിരവധി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് അടിസ്ഥാന സൗകര്യം ഇല്ലെന്ന് ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ സ്‌കൂളിലെ എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യം ഒരുക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണം എന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

ജൂണ്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യമൊരുക്കാന്‍ നിര്‍ദേശം നല്‍കി മെയ് 29നാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. തുടര്‍ന്ന് വന്നത് ശനി, ഞായര്‍ ദിവസങ്ങളായതിനാല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത് അപ്രായോഗികവും അസാധ്യവുമായിരുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സംസ്ഥാനത്തെ ഓണ്‍ലൈന്‍ അധ്യയനത്തിന്റെ ട്രയല്‍ കാലാവധി ഒരാഴ്ച കൂടി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജൂണ്‍ ആദ്യവാരം ട്രയലും പിന്നീട് അടുത്ത ആഴ്ച ഈ ക്ലാസുകളുടെ പുനഃസംപ്രേഷണവും എന്ന രീതിയായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ട്രയല്‍ സമയം രണ്ടാഴ്ചയായി വര്‍ധിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.

error: Content is protected !!