അതിഥി തൊഴിലാളികളെ 15 ദിവസത്തിനകം നാട്ടിലെത്തിക്കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ വിലക്കുകള്‍ ലംഘിച്ച്‌ വീടുകളില്‍ പോകാന്‍ ശ്രമിച്ചതിന് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാരുകള്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി.

സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ യാത്രയ്ക്കുള്ള സൗകര്യങ്ങള്‍ അടിയന്തരമായി ഒരുക്കണമെന്നും സുപ്രീം കോടതി സര്‍ക്കാരുകളോട് നിര്‍ദേശിച്ചു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം.

വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികള്‍ക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കണം. സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ റെയില്‍വേ ശ്രമിക് തീവണ്ടികള്‍ അനുവദിക്കണം. 15 ദിവസത്തിന് ഉള്ളില്‍ കുടിയേറ്റ തൊഴിലാളികളെ വീടുകളില്‍ എത്തിക്കാനുള്ള നടപടി വേണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

തൊഴിലാളികളുടെ പുനരധിവാസത്തിനായി സര്‍ക്കാരുകള്‍ തയ്യാറാക്കിയ എല്ലാ പദ്ധതികളും, അനൂകൂല്യങ്ങളും പരസ്യപ്പെടുത്തണമെന്നും തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഉത്തരവ് നടപ്പിലാക്കുന്നതിന്റെ പുരോഗതി വിലയിരുത്താന്‍ സ്വമേധയാ എടുത്ത ഹര്‍ജി സുപ്രീംകോടതി ജൂലൈ 8 ന് വീണ്ടും പരിഗണിക്കും.

error: Content is protected !!