സംസ്ഥാനത്ത് കൊവിഡ് ആന്‍റിബോഡി പരിശോധന ഇന്നുമുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത്‌ കോവിഡ്‌ സമൂഹവ്യാപനമുണ്ടായോ എന്ന്‌ പരിശോധിക്കാനുള്ള ആന്റിബോഡി പരിശോധന ഇന്ന് ആരംഭിക്കും. ആരോഗ്യ പ്രവര്‍ത്തകരെയാണ് ഇന്നു പരിശോധിക്കുന്നത്. നാളെ മുതല്‍ പരിശോധന നടത്തേണ്ട വിഭാഗങ്ങളെ ഇന്നു നിശ്ചയിക്കും.

കോവിഡ് പ്രതിരോധ ആരോഗ്യ പ്രവര്‍ത്തകര്‍, സമൂഹവുമായി ഇടപഴകുന്ന മാധ്യമപ്രവര്‍ത്തകര്‍, പൊലീസുകാര്‍, തദ്ദേശസ്ഥാപന ജീവനക്കാര്‍, അങ്കണവാടി ജീവനക്കാര്‍, റേഷന്‍ കടകളിലെയും പലവ്യഞ്ജനക്കടകളിലെയും തൊഴിലാളികള്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ലോറി ഡ്രൈവര്‍മാരുമായി സമ്ബര്‍ക്കത്തിലുള്ളവര്‍, ചുമട്ടുതൊഴിലാളികള്‍, അതിഥിത്തൊഴിലാളിള്‍. വഴിയോരക്കച്ചവടക്കാര്‍, വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍, 65 വയസ്സിനു മുകളിലുള്ളവര്‍ എന്നിവരെയാണു പരിശോധനയ്ക്കു വിധേയമാക്കുന്നത്.

പരിശോധനാ പരിധിയില്‍ ഉള്‍പ്പെടുന്നവരെ അഞ്ചു വിഭാഗമായി തിരിക്കും. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍) ലഭ്യമാക്കിയ 14,000ല്‍ 10,000 കിറ്റ്‌ ഉപയോഗിച്ചാണ്‌ ആദ്യഘട്ട പരിശോധന. രോഗബാധിതരുടെ എണ്ണവും പുറത്തു നിന്ന്‌ ഉള്ളവരുടെ മടങ്ങി വരവും കണക്കാക്കി പാലക്കാട്‌, കണ്ണൂര്‍, കാസര്‍കോട്‌, മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ വ്യാപക പരിശോധന നടത്തും. ഇവിടങ്ങളില്‍ 1000 കിറ്റ്‌ വീതം ഉപയോഗിക്കും.

വിരല്‍തുമ്ബില്‍ നിന്ന് രക്തമെടുത്ത്‌ നടത്തുന്ന ആന്റി ബോഡി ടെസ്‌റ്റില്‍ 15 മിനിറ്റിനകം ഫലം ലഭ്യമാകും. ശരീരത്തില്‍ ഏതെങ്കിലും വൈറസ്‌ ബാധയുണ്ടോ എന്ന്‌ ടെസ്‌റ്റിലൂടെ അറിയാം. പോസിറ്റീവ്‌ ആകുന്നവരില്‍ പിസിആര്‍ പരിശോധനയിലൂടെ വൈറസ്‌ സാന്നിധ്യം ഉറപ്പാക്കും. രണ്ടാം ഘട്ടത്തില്‍ 40,000 കിറ്റ്‌ ലഭ്യമാക്കുമെന്ന്‌ ഐസിഎംആര്‍ അറിയിച്ചിട്ടുണ്ട്‌. ഇതുകൂടി ലഭിച്ചാല്‍ പരിശോധന കൂടുതല്‍ വ്യാപകമാക്കാനാകും.

കോവിഡിന്റെ സമൂഹ വ്യാപനം സംഭവിച്ചിട്ടുണ്ടോയെന്ന് അറിയാനുള്ള ആന്റിബോഡി പരിശോധനയില്‍ രക്തസാംപിള്‍ ആണ് പരിശോധിക്കുക. കോവിഡ് സ്ഥിരീകരിക്കുന്ന പിസിആര്‍ പരിശോധന, മൂക്കിലൂടെയോ തൊണ്ടയിലൂടെയോ സ്രവം ശേഖരിച്ചാണു നടത്തുന്നത്. പിസിആര്‍ പരിശോധനയുടെ ഫലം ലഭിക്കാന്‍ 24 മണിക്കൂര്‍ വരെ വേണ്ടി വരും. എന്നാല്‍, ആന്റിബോഡി പരിശോധനയില്‍ രക്ത സാംപിള്‍ ലാബിലെത്തി അരമണിക്കൂറിനുള്ളില്‍ ഫലം ലഭിക്കും. ഇതേസമയം, ആന്റിബോഡി പരിശോധനയിലെ ഫലത്തിനു 100% കൃത്യത ഉറപ്പുനല്‍കാനാകില്ല. പോസിറ്റീവ് ആകുന്നവരില്‍ സ്ഥിരീകരണത്തിനായി പിസിആര്‍ പരിശോധന നടത്തും.

error: Content is protected !!