ഫലവൃക്ഷ തൈ: രണ്ട് ഘട്ടങ്ങളിലായി കണ്ണൂർ ജില്ലയില്‍ വിതരണം ചെയ്യുന്നത് 9.21 ലക്ഷം തൈകള്‍ ഒന്നാംഘട്ട വിതരണോദ്ഘാടനം നടന്നു

കണ്ണൂർ :   പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലയില്‍ വിതരണം ചെയ്യുന്നത് 9. 21 ലക്ഷം ഫലവൃക്ഷ തൈകള്‍. ഒന്നാം ഘട്ടത്തിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എന്‍ പത്മനാഭന് വൃക്ഷ തൈ നല്‍കി നിര്‍വ്വഹിച്ചു. കൃഷി വകുപ്പിന്റെ അഞ്ച് ഫാമുകളില്‍ നിന്നായി ഉല്‍പാദിപ്പിച്ച തൈകളാണ് ആദ്യ ഘട്ടത്തില്‍ നല്‍കിയത്. ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലേക്കും തൈകള്‍ നല്‍കി കര്‍ഷകരിലേക്കെത്തിക്കാനാണ് പദ്ധതി. വിവിധയിനം മാവ്, പ്ലാവ്, വാഴക്കന്ന്്, മാങ്കോസ്റ്റിന്‍, റംബൂട്ടാന്‍, സപ്പോട്ട, പാഷന്‍ ഫ്രൂട്ട്, ആത്ത, കുടംപുളി, കറിവേപ്പ് തുടങ്ങിയ തൈകളാണ് വിതരണം ചെയ്യുന്നത്.

ഒന്നാം ഘട്ടത്തില്‍ ഫാമുകള്‍, വി എഫ് പി സി കെ, തൊഴിലുറപ്പ് പദ്ധതി എന്നിവ വഴിയാണ് തൈകള്‍ ഉല്‍പാദിപ്പിച്ചത്. തിരുവാതിര ഞാറ്റുവേലയ്ക്കാണ് തൈകളുടെ രണ്ടാം ഘട്ട വിതരണം നടത്തുന്നത്. കുടുംബശ്രീയും അഗ്രോ സര്‍വ്വീസ് സെന്ററും, വനം വകുപ്പും ഇതിന്റെ ഭാഗമാകുന്നുണ്ട്. ഗ്രാഫ്റ്റ്, ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ 75 ശതമാനം സബ്‌സിഡി നിരക്കിലാണ് നല്‍കുന്നത്.

ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ അജിത് മാട്ടൂല്‍, അന്‍സാരി തില്ലങ്കേരി, പി പി ഷാജര്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എ സാവിത്രി, ഫാം സൂപ്രണ്ട് ടി വി ജീവരാജ് എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!