ഇന്ത്യ-ചൈന സംഘര്‍ഷം: കൂടുതല്‍ ചര്‍ച്ചകള്‍ ഇന്ന് നടന്നേക്കും

ന്യൂഡല്‍ഹി: ചൈനീസ് അതിര്‍ത്തിയിലെ തര്‍ക്കം പരിഹരിക്കാനുള്ള കൂടുതല്‍ ചര്‍ച്ചകള്‍ ഇന്ന് നടന്നേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി മുതിര്‍ന്ന മന്ത്രിമാരുമായി ഇന്ന് വീണ്ടും സ്ഥിതി ഗതികള്‍ വിലയിരുത്തും.

സംഘര്‍ഷം നടന്ന ഗാല്‍വന്‍ താഴ്വരയില്‍ നിന്ന് ഇരു സൈന്യവും പിന്‍മാറിയതായി ഇന്നലെ കരസേന വാര്‍ത്താകുറിപ്പില്‍ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം രാത്രി 20 ഇന്ത്യന്‍ സൈനികരാണ് അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ചത്. ചൈനയുടെ നാല്‍പ്പതിലേറെ സൈനികരും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.

അതിര്‍ത്തിത്തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന് കമാന്‍ഡര്‍തല ചര്‍ച്ചയും സൈനിക പിന്മാറ്റവും പുരോഗമിക്കുന്നതിനിടെയാണ് സംഘര്‍ഷം. വെടിവെപ്പിലല്ല സൈനികര്‍ കൊല്ലപ്പെട്ടതെന്നും കല്ലും വടികളുമുപയോഗിച്ചുള്ള ശാരീരികാക്രമണമാണുണ്ടായതെന്നുമാണ് സൈന്യം നല്‍കുന്ന വിശദീകരണം. 1975-നുശേഷം ആദ്യമായാണ് ഇരുസേനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ രക്തം ചിന്തുന്നത്. 132 ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

ആന്ധ്ര വിജയവാഡ സ്വദേശി കേണല്‍ സന്തോഷ് ബാബുവാണ് കൊല്ലപ്പെട്ട ഓഫീസര്‍. ഗാല്‍വന്‍ താഴ്‌വരയിലെ 16 ബിഹാര്‍ ബറ്റാലിയന്റെ കമാന്‍ഡിങ് ഓഫീസറാണ് ഇദ്ദേഹം. തമിഴ്നാട് സ്വദേശിയായ ഹവില്‍ദാര്‍ പളനി, ജാര്‍ഖണ്ഡ് സ്വദേശി സെപോയ് കുന്ദന്‍ കുമാര്‍ ഓഝ എന്നിവരും ആക്രമണത്തില്‍ മരിച്ചവരിലുള്‍പ്പെടുന്നു.

error: Content is protected !!