‘ഫസ്റ്റ്‌ബെൽ ; നാളെ മുതൽ വിക്ടേഴ്‌സിൽ പുതിയ ക്ലാസുകൾ

‘ഫസ്റ്റ്‌ബെൽ’ പദ്ധതിയിൽ തിങ്കളാഴ്ച (ജൂൺ 15) മുതൽ പുതിയ ക്ലാസുകൾ സംപ്രേഷണം ചെയ്യും. ട്രയൽ അടിസ്ഥാനത്തിൽ സംപ്രേഷണം ചെയ്ത ക്ലാസുകൾ മുഴുവൻ കുട്ടികൾക്കും കാണാൻ അവസരം ഒരുക്കിയിരുന്നു. തിങ്കളാഴ്ച മുതൽ വിവിധ ക്ലാസുകൾക്ക് നേരത്തെ അറിയിച്ചിട്ടുള്ള സമയക്രമത്തിൽ തന്നെ ആയിരിക്കും പുതിയ വിഷയങ്ങളടങ്ങിയ ക്ലാസുകൾ സംപ്രേഷണം ചെയ്യുക.

കൈറ്റ് വിക്ടേഴ്‌സ് ചാനലിനു പുറമെ ഫേസ്ബുക്കിൽ victerseduchannel ൽ ലൈവായും, യുട്യൂബിൽ itsvicters വഴിയും ക്ലാസുകൾ കാണാം. തിങ്കൾ മുതൽ വെള്ളി വരെയുള്ള ക്ലാസുകളിൽ ഓരോ ദിവസവും പത്തും പന്ത്രണ്ടും ക്ലാസുകളുടെ പുനഃസംപ്രേഷണം നടക്കും. ഒന്നു മുതൽ ഒൻപതുവരെ ക്ലാസുകൾക്ക് നിലവിലുള്ളതുപോലെ ശനി, ഞായർ ദിവസങ്ങളിലാണ് പുനഃസംപ്രേഷണം. പുനഃസംപ്രേഷണ സമയത്ത് കാണാൻ കഴിയാത്ത കുട്ടികൾക്ക് പിന്നീട് വെബിൽ നിന്നും ഓഫ്‌ലൈനായി ഡൗൺലോഡ് ചെയ്തും ക്ലാസുകൾ കാണാം.

തമിഴ് മീഡിയം ക്ലാസുകൾ youtube.com/drcpkd ലിങ്കിലും കന്നട മീഡിയം ക്ലാസുകൾ youtube.com/KITEKasaragod ലിങ്കിലും ലഭ്യമാക്കും. കൈറ്റിന്റെ പാലക്കാട്, കാസർഗോഡ്, ഇടുക്കി ജില്ലാ ഓഫീസുകളുടെ നേതൃത്വത്തിൽ ഡയറ്റുകളുടെ അക്കാദമിക പിന്തുണയോടെയും എസ്.എസ്.കെ.യുടെ സഹായത്തോടെയുമാണ് തമിഴ്, കന്നട ക്ലാസുകൾ തയാറാക്കുന്നത്.

ഇത് ആദ്യ അഞ്ചുദിവസം ട്രയൽ അടിസ്ഥാനത്തിലാണ്. ഇവ പ്രാദേശിക കേബിൾ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നതിന്റെ സാധ്യതയും പരിശോധിക്കുന്നുണ്ട്. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലെ വിഷയാധിഷ്ഠിത ടൈംടേബിൾ കൈറ്റ് വെബ്‌സൈറ്റിൽ (www.kite.kerala.gov.in) ലഭ്യമാണ്.

error: Content is protected !!