ആഞ്ഞ് വീശി നിസര്‍ഗ: വൈകീട്ട് ഏഴ് വരെ മുംബൈ വിമാനത്താവളം അടച്ചു

മുംബൈ: അറബിക്കടലില്‍ രൂപപ്പെട്ട അതീതീവ്ര ന്യൂനമര്‍ദം നിസര്‍ഗ ചുഴലിക്കാറ്റായി മുംബൈയില്‍ ആഞ്ഞുവീശുന്നു. മുംബൈയില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുകയാണ്. വരും മണിക്കൂറുകളില്‍ ചുഴലിക്കാറ്റ് ദുര്‍ബലപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മുംബൈയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള അലിബാഗില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. കാറ്റിന്റെ വേഗത 20 കിലോമീറ്റര്‍ വരെ പ്രതീക്ഷിക്കുന്നുണ്ട്.

അതേസമയം, നിസര്‍ഗ ചുഴലിക്കാറ്റിന്റെ വരവ് കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയായി മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാത്രി 7 മണി വരെ അടച്ചിട്ടുണ്ട്.

മുംബൈ തീരപ്രദേശത്തുള്ള പൊതുഇടങ്ങളായ ബീച്ചുകള്‍, പാര്‍ക്കുകള്‍, എന്നിവ പൊലിസ് നോ-ഗോ സോണുകളായി പ്രഖ്യാപിച്ചു. നൂറ്റാണ്ടിലെ ആദ്യത്തെ ചുഴലികൊടുങ്കാറ്റിനെയാണ് മുംബൈ നേരിടാനൊരുങ്ങുന്നത്. സംസ്ഥാനത്തൊട്ടാകെയുള്ള 19,000 ത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

രണ്ടാഴ്ചയ്ക്കിടെ ഇന്ത്യയില്‍ ആഞ്ഞടിക്കുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് നിസര്‍ഗ. ഒരു നൂറ്റാണ്ട് കാലത്ത് മുംബൈ നഗരത്തില്‍ ആഞ്ഞടിക്കുന്ന ആദ്യത്തെ ചുഴലിക്കാറ്റും. 129 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചുഴലിക്കാറ്റ് മുംബൈ തീരത്തേക്ക് എത്തുന്നത്. മുംബൈ നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

 

error: Content is protected !!