കോവിഡ് 19-കണ്ണൂരിലെ വാണിജ്യ സ്ഥാപനങ്ങള്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ ; വിശദ വിവരങ്ങൾ

കണ്ണൂർ : കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാണിജ്യ- വാണിജ്യേതര സ്ഥാപനങ്ങള്‍ ആരോഗ്യ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിപിമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
1. സ്ഥാപനത്തിന് മുന്നില്‍ താഴെ പറയുന്ന അറിയിപ്പ് അടങ്ങിയ നോട്ടീസ് ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം. (പനി, ചുമ, ശ്വാസ തടസ്സം എന്നീ ലക്ഷണങ്ങളുള്ളവരായ ജീവനക്കാര്‍/ ഉപഭോക്താവ് സ്ഥാപനത്തിലേക്ക് പ്രവേശിക്കരുത്. അവര്‍ ‘ദിശ’യുമായി ബന്ധപ്പെടുകയും നിര്‍ദേശങ്ങള്‍ അനുസരിച്ച് ആരോഗ്യ പരിരക്ഷ തേടുകയും വേണം. സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്ന എല്ലാവരും പ്രവേശിക്കുന്നതിന് മുമ്പും പുറത്ത് പോകുമ്പോഴും സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈ ശുചിയാക്കണം. കൂടാതെ സ്ഥാപനത്തിനുള്ളില്‍ കഴിയുന്ന സമയം ഇടയ്ക്കിടെ കൈ ശുചിയാക്കുകയും ചെയ്യണ്ടേതാണ്.
സ്ഥാപനത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ വ്യക്തികളും ശരിയായി മാസ്‌ക് ധരിക്കണം. അല്ലാത്തവരെ കടയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കരുത്. സ്ഥാപനങ്ങളിലേക്ക് പ്രവേശിപ്പിക്കുന്ന എല്ലാ വ്യക്തികളും സുരക്ഷിതമായ സാമൂഹ്യ അകലം പാലിക്കണം. സ്ഥാപനത്തിനുള്ളില്‍ ഒരാളും മറയില്ലാതെ ചുമയ്ക്കുകയോ, തുമ്മുകയോ ചെയ്യരുത്. വായയും മൂക്കും മൂടി നല്ല ശ്വസന ശുചിത്വം പാലിക്കണം. കണ്ണുകള്‍, മൂക്ക്, വായ എന്നിവ തൊടുന്നത് ഒഴിവാക്കുക.
ജീവനക്കാരും ഉപഭോക്താക്കളും 10 വയസ്സിന് താഴെയുള്ള കുട്ടികളെ സ്ഥാപനങ്ങളിലേക്ക് കൊണ്ടുവരരുത്. 10 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ദുര്‍ബലരായ വ്യക്തികളും സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ലഭ്യമായ ഓണ്‍ലൈന്‍ സംവിധാനങ്ങളെക്കുറിച്ചും സമീപത്തുള്ള സ്വയം സേവന കിയോസ്‌കുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണം).
2. സ്ഥാപനങ്ങളുടെ പ്രവേശന കവാടത്തിനടുത്ത് പ്രവര്‍ത്തന സമയം മുഴുവന്‍ സാനിറ്റൈസര്‍/ ലിക്വിഡ് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ വൃത്തിയാക്കാനുള്ള സൗകര്യം ലഭ്യമാക്കണം.
3. സ്ഥാപനത്തില്‍ പ്രവേശിക്കുന്ന എല്ലാ ജീവനക്കാരും ഉപഭോക്താക്കളും സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈ ശുചിയാക്കേണ്ടതാണ്.
4. എല്ലാ ജീവനക്കാരും ഉപഭോക്താക്കളും പ്രവൃത്തി സമയങ്ങളില്‍ ഉടനീളം മാസ്‌ക് ധരിക്കണം.
5. സാമൂഹിക അകലം ഉറപ്പാക്കുന്നതിന് സ്ഥാപനങ്ങളില്‍ വിസ്തൃതിക്കനുസരിച്ച് പ്രവേശിപ്പിക്കുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തേണ്ടതാണ്.
6. സ്ഥാപനങ്ങളില്‍ തിരക്ക് ഒഴിവാക്കാന്‍ മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ്/ ക്യൂ സിസ്റ്റം ഉപയോഗിക്കണം.
7. സ്ഥാപനങ്ങളിലെ വെയിറ്റിംഗ് ഏരിയകളില്‍ ഉപഭോക്താക്കള്‍ക്ക്  മതിയായ വായുസഞ്ചാരവും സാമൂഹിക അകലം പാലിച്ച് ഇരിക്കുന്നതിനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തണം.
8. സ്ഥാപനങ്ങളില്‍ ഉപഭോക്താക്കളുമായി ആശയ വിനിമയം നടത്തുന്നതിന് അടച്ച ക്യാബിനുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
9. സാധ്യമെങ്കില്‍ ഓണ്‍ലൈന്‍ സൗകര്യങ്ങളോ സ്വയം സേവന കിയോസ്‌കുകളോ ഉപയോഗിക്കുവാന്‍ ആളുകളെ പരമാവധി പ്രോത്സാഹിപ്പിക്കണം.
10. സാധ്യമാകുന്ന സ്ഥലങ്ങളില്‍ ജീവനക്കാരും ഉപഭോക്താക്കളും തമ്മില്‍ ആശയവിനിമയം നടത്തുന്നതിന് ഇടയിലായി കണ്ണാടി/ സുതാര്യമായ ഫൈബര്‍ കൊണ്ടുള്ള സ്‌ക്രീനുകള്‍ ഉപയോഗിക്കേണ്ടതാണ്.
11. സ്ഥാപനങ്ങളിലെ വായുസഞ്ചാരം ഉറപ്പാക്കുന്നതിനായി എല്ലാ വാതിലുകളും ജനലുകളും തുറന്നിടണം. എയര്‍കണ്ടീഷണറുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ മണിക്കൂറില്‍ ആറ് എയര്‍ കറന്റ് എക്‌സ്‌ചേഞ്ചുകളെങ്കിലും ഉറപ്പാക്കുക. എയര്‍ കണ്ടീഷനിംഗ് ഉപയോഗിക്കുമ്പോഴും ജനലുകളും വാതിലുകളും ഇടയ്ക്കിടെ വായു സഞ്ചാരത്തിനായി തുറന്നിടാന്‍ ശ്രദ്ധിക്കണം. മുറിക്കുള്ളിലെ താപനില 24 ഡിഗ്രീ സെല്‍ഷ്യസിലും അന്തരീക്ഷാര്‍ദ്രത 40 മുതല്‍ 70 ശതമാനം വരെ ആയി നിലനിര്‍ത്തുന്ന വിധത്തില്‍ എയര്‍കണ്ടീഷനുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതാണ്.
12. പ്രവര്‍ത്തി സമയങ്ങളിലുടനീളം ശുചിമുറി, അടുക്കള എന്നിവയിലേക്കുള്ള എക്‌സ്‌ഹോസ്റ്റ് ഫാനുകള്‍ പ്രവര്‍ത്തിപ്പിക്കണം.
13. ചെറിയ രീതിയിലാണെങ്കിലും തലവേദന, തൊണ്ടവേദന, പനി, ചുമ, വയറിളക്കം എന്നീ രോഗലക്ഷണമുള്ള ജീവനക്കാര്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കണം. ജീവനക്കാര്‍ക്ക് രോഗലക്ഷണങ്ങളുണ്ടോയെന്ന് എല്ലാ ദിവസവും സ്‌ക്രീനിംഗ് നടത്തുന്നുണ്ടെന്ന് സ്ഥാപന മേധാവി ഉറപ്പ് വരുത്തണം. സാധ്യമെങ്കില്‍ ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററുകള്‍ (ശരീരത്തില്‍ തൊടാതെ) അല്ലെങ്കില്‍ തെര്‍മനല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കണം. രോഗലക്ഷണങ്ങളുള്ളവര്‍ക്ക് ‘ദിശ’യുമായി ബന്ധപ്പെട്ട് മാര്‍ഗ്ഗനിര്‍ദേശങ്ങളനുസരിച്ച് ആരോഗ്യ പരിരക്ഷ തേടേണ്ടതുമാണ്.
14. കൂടുതല്‍ സ്പര്‍ശനമേല്‍ക്കുന്ന വാതില്‍ പിടികള്‍, കൗണ്ടറുകള്‍, മേശകള്‍, കസേരകളുടെ കൈപ്പിടികള്‍, ഹാന്‍ഡ് റെയിലുകള്‍, പൊതുവായി ഉപയോഗിക്കുന്ന പേനകള്‍, ടച്ച് സ്‌ക്രീനുകള്‍ തുടങ്ങിയവ ഒരു ശതമാനം സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി അല്ലെങ്കില്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ 30 ഗ്രാം ബ്ലീച്ചിംഗ് പൊടി ഉപയോഗിച്ചോ അല്ലെങ്കില്‍ തത്തുല്യമായ ലായനി ഉപയോഗിച്ചോ ഓരോ മണിക്കൂര്‍ ഇടവിട്ട് തുടച്ച് അണുവിമുക്തമാക്കണം.
15. പൊതുവായി ഉപയോഗിക്കുന്ന പേനകളും പേന പങ്കിടുന്നതും പരമാവധി ഒഴിവാക്കുക.
16. ജീവനക്കാര്‍ ഓരോ ഉപഭോക്താവിനോടും ഇടപ്പെട്ട ശേഷം / സാധനങ്ങള്‍ കൈമാറ്റം ചെയ്തതിനുശേഷം/ പണമിടപാടിന് ശേഷം/ കൂടുതല്‍ സ്പര്‍ശനമേല്‍ക്കുന്നിടങ്ങളില്‍ തൊട്ടതിന് ശേഷം കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ചോ, സോപ്പ് ഉപയോഗിച്ചോ ശുചിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം.
17. പണം കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ ഉമിനീര്‍ ഉപയോഗിച്ച് വിരലുകള്‍ നനച്ചുകൊണ്ട് പണം എണ്ണരുത്.
18. സ്ഥാപനങ്ങളില്‍ ഡിജിറ്റല്‍ ഇ വാലറ്റ്, യുപിഐ അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് പോലുള്ള കരസ്പര്‍ശനമില്ലാത്ത പണമിടപാട് രീതികള്‍ പരമാവധി പ്രോത്സാഹിപ്പിക്കണം.
19. ഡിസ്‌പ്ലേകളിലും മറ്റ് ഉപരിതലങ്ങളിലും അനാവശ്യമായി സ്പര്‍ശിക്കരുതെന്ന് ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കണം.
20. കഴിയുന്നത്രയും ലിഫ്റ്റ് ബട്ടണുകള്‍, എസ്‌കലേറ്റര്‍ ഹാന്‍ഡ് റെയിലുകള്‍ തുടച്ച് വൃത്തിയാക്കണം.
21. സ്ഥാപനങ്ങളില്‍ കുടിവെള്ളം, ചായ, കാപ്പി, ജ്യൂസ് തുടങ്ങിയ പാനീയങ്ങള്‍ വിതരണം ചെയ്യുന്നതിന് ഡിസ്‌പോസിബിള്‍ പേപ്പര്‍ കപ്പുകള്‍ ഉപയോഗിക്കണം
error: Content is protected !!