കണ്ണൂരിലെ എക്സൈസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് മരിച്ചത് മറ്റ് ഗുരുതര രോഗങ്ങൾ ഇല്ലാതെ

കണ്ണൂർ: കോവിഡ് ബാധിച്ച് മരിച്ച കണ്ണൂരിലെ എക്സൈസ് ഉദ്യോഗസ്ഥൻ സുനിലിന് മറ്റ് അസുഖങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സംസ്ഥാനത്തെ ഇതുവരെയുള്ള കോവിഡ് ബാധിച്ച് മരിച്ചവരിൽ പലരും മറ്റ് ഗുരുതര രോഗങ്ങൾ ബാധിച്ചവരായിരുന്നു. ഇത് ഗുരുതരമായ അവസ്ഥയിലേക്കാണ് കണ്ണൂർ നീങ്ങുന്നത് എന്നുള്ള സൂചനകളാണ് നൽകുന്നത്.

ഈ മാസം 12 നാണ് നേരിയ പനി അനുഭവപ്പെട്ടത്. രണ്ട് ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞു. 14ആം തിയ്യതി ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് ഇരിക്കൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ഡോക്ടറുടെ നിര്‍ദേശപ്രകാരം കണ്ണൂരിലെ മറ്റൊരു ആശുപത്രിയില്‍ എത്തി. കൊയ്‍ലി ആശുപത്രിയിലെ ഡോക്ടര്‍മാരാണ് കോവിഡ് ലക്ഷണമാണെന്ന സംശയം പ്രകടിപ്പിച്ചത്. തുടര്‍ന്ന് പരിയാരം ആശുപത്രിയിലേക്ക് മാട്ടുകയായിരുന്നു. 15ആം തിയ്യതി ശ്രവം പരിശോധനയ്ക്ക് എടുത്തു. 16ആം തിയ്യതി കോവിഡ് സ്ഥിരീകരിച്ചുകൊണ്ടുള്ള ഫലം ലഭിച്ചു. അപ്പോഴേക്കും ന്യൂമോണിയ ബാധിച്ച് ആരോഗ്യനില അതീവ ഗുരുതരമായി.

ഇന്നലെ ഇരുശ്വാസകോശങ്ങളുടെയും പ്രവർത്തനം തകരാറിലായി. ജീവൻ നിലനിർത്തിയിരുന്നത് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ്. രക്തസമ്മർദത്തിലും വ്യതിയാനമുണ്ടായി. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെവേയാണ് അന്ത്യം സംഭവിച്ചത്.

മട്ടന്നൂര്‍ എക്‌സൈസ് ഓഫീസിലെ ജീവനക്കാരനാണ് സുനില്‍കുമാര്‍. ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മട്ടന്നൂര്‍ എക്‌സൈസ് ഓഫീസ് അടയ്ക്കുകയും 18 ജീവനക്കാര്‍ ക്വാറന്റീനില്‍ പോകുയും ചെയ്തിരുന്നു.

സുനിൽകുമാറിന് എവിടെവെച്ചാണ് കോവിഡ് ബാധയുണ്ടായത് എന്ന കാര്യം വ്യക്തമല്ല. കര്‍ണാടക മേഖലയില്‍നിന്ന് ലഹരിവസ്തുക്കളുമായി വന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയും ഇയാളുമായി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ വെച്ചോ പ്രതിയില്‍നിന്നോ ആവാം രോഗബാധയുണ്ടായത് എന്ന നിഗമനത്തില്‍ അന്വേഷണം നടക്കുകയാണ്.

error: Content is protected !!