രാജ്യത്ത് കൊവിഡ് രോഗികള്‍ രണ്ടര ലക്ഷം കടന്നു

ന്യൂഡല്‍ഹി: തുടര്‍ച്ചയായി നാലാം ദിനവും രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തിനടുത്ത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9983 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 206 പേര്‍ ഇന്നലെ കോവിഡ് മൂലം മരിച്ചു.

ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2.56 ലക്ഷമായി ഉയര്‍ന്നു. ആകെ 7,135 പേര്‍ക്കാണ് കൊവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

1.25 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 1.24 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് ലോക്ക് ഡൗണിലെ കൂടുതല്‍ ഇളവുകള്‍ ഇന്ന് മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. ആരാധനാലയങ്ങള്‍, ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക് ഇന്നുമുതല്‍ നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തിക്കാം.

രാജ്യത്ത് കൂടുതല്‍ കൊവിഡ് രോഗികളുളള മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 3,007 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര ചൈനയെ മറികടന്നു. 85,975 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ മാത്രം രോഗം ബാധിച്ചത്. ചൈനയിലാകട്ടെ 83,036 പേര്‍ക്കാണ് രോഗമുണ്ടെന്ന് കണ്ടെത്തിയത്.

മഹാരാഷ്ട്രയില്‍ മൂവായിരത്തിലേറെ പൊലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം 28,000 പിന്നിട്ടു. 812 പേരാണ് ഇവിടെ മരിച്ചത്. തമിഴ്‌നാട്ടില്‍ ഞായറാഴ്ച മാത്രം 1500ലേറെ പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികള്‍ 31,667 ആയി ഉയര്‍ന്നു.

269 പേര്‍ മരിക്കുകയും ചെയ്തു. ഗുജറാത്തില്‍ 19,592 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1,219 പേര്‍ ഇതുവരെ ഗുജറാത്തില്‍ മരിച്ചു. കേരളത്തില്‍ 1,914 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 803 പേര്‍ രോഗമുക്തി നേടി. 16 പേര്‍ മരിക്കുകയും ചെയ്തു. നിലവില്‍ 1,095 ആളുകളാണ് വിവിധ ജില്ലകളിലായി ചികിത്സയില്‍ കഴിയുന്നത്.

Dailyhunt

error: Content is protected !!