അഭിമന്യു കൊലപാതകം: മുഖ്യ പ്രതി കീഴടങ്ങി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി. പത്താം പ്രതി സഹലാണ് ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്.

മഹാരാജാസ് കോളെജിലെ എസ്‌എഫ്‌ഐ നേതാവായിരുന്ന അഭിമന്യു 2018 ജൂലൈ രണ്ടിന് രാത്രിയാണ് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ കുത്തേറ്റ് മരിക്കുന്നത്. ക്യാംപസിലെ ചുവരെഴുത്തിനെ ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേസിലെ 16 പ്രതികളില്‍ 15 പേരാണ് ഇപ്പോള്‍ പിടിയിലായത്. ഇനി പന്ത്രണ്ടാം പ്രതിയായ ഷ​ഹീം കൂടിയാണ് പിടിയിലാകാനുളളത്.

കൊവിഡ് ലോക്ക് ഡൗണില്‍ കേരളത്തിലെ വളരെ പ്രധാനപ്പെട്ട രണ്ട് കേസുകളിലെ പ്രതികള്‍ കോടതിയില്‍ കീഴടങ്ങാന്‍ നിയമോപദേശം തേടിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അഭിമന്യുവിനെ കുത്തിയ പ്രതിയും തൊടുപുഴ ന്യൂമാന്‍ കോളെജിലെ അധ്യാപകനായ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതിയും കീഴടങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ലോക്ക് ഡൗണിലും കൊവിഡ് കാലത്തും കീഴടങ്ങി കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ ഒഴിവാക്കാനുളള നീക്കമാണ് പ്രതികളുടേത്. കൊവിഡ് റെഡ് സോണിലാണ് ഇവര്‍ കഴിഞ്ഞിരുന്നതെങ്കില്‍ 14 ദിവസം ഇവരെ ജയിലിലെ ക്വാറന്റൈന്‍ സെല്ലിലാണ് പാര്‍പ്പിക്കേണ്ടത്.

error: Content is protected !!