ലോക്ക്ഡൗണ്‍: കണ്ണൂരില്‍ ആളുകള്‍ കൂട്ടത്തോടെ റോഡില്‍, കര്‍ശന നടപടിയെന്ന് പോലീസ്

കണ്ണൂര്‍: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള കണ്ണൂരിനെ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടും ആളുകള്‍ പുറത്തിറങ്ങുന്നതിന് കുറവില്ല. ലോക്ക്ഡൗണിന്റെ മൂന്നാംഘട്ടം ആരംഭിച്ച ഇന്ന് നിരവധി ആളുകളാണ് നിരത്തിലിറങ്ങിയത്.
രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി രണ്ട് ഐ.ജിമാരുടെ നേതൃത്വത്തിലാണ് കണ്ണൂര്‍ ജില്ലയില്‍ പോലീസിനെ വിന്യസിച്ചത്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ അടക്കം നടപ്പാക്കി ആളുകളെ വീട്ടിലിരുത്താന്‍ പോലീസ് പരമാവധി പരിശ്രമിച്ചെങ്കിലും ലോക്ക്ഡൗണ്‍ ഇളവുകള്‍ ചൂഷണം ചെയ്ത് ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്.
അതേസമയം റെഡ് സോണായ കണ്ണൂരില്‍ ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്ര പറഞ്ഞു. ജില്ലയില്‍ ഇപ്പോഴും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരുകയാണ്. ആളുകള്‍ ഇനിയും ഇതുപോലെ പുറത്തിറങ്ങിയാല്‍ പോലീസ് നടപടി കടുപ്പിക്കും. അതിതീവ്ര മേഖലകളില്‍ (കണ്ടൈന്‍മെന്റ് സോണ്‍) ആളുകള്‍ പുറത്തിറങ്ങിയാല്‍ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും എസ്.പി വ്യക്തമാക്കുന്നു.