കേസ് റദ്ദാക്കണമെന്ന അര്‍ണാബ് ഗോസ്വാമിയുടെ ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് റിപബ്ലിക് ടിവി മേധാവി അര്‍ണാബ് ഗോസ്വാമി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. പാല്‍ഘര്‍ ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് വര്‍ഗീയ വികാരം ഇളക്കിവിടാന്‍ ശ്രമിച്ചതിനെതിരെയാണ് അര്‍ണാബിനെതിരെ കേസെടുത്തത്. സോണിയാ ഗാന്ധിക്കെതിരായ പരാമര്‍ശങ്ങള്‍ക്കെതിരെയും കേസുണ്ട്. കേസുകള്‍ റദ്ദാക്കാന്‍ അനുച്ഛേദം 32 പ്രകാരം സുപ്രീം കോടതിയില്‍ അര്‍ണാബ് ഗോസ്വാമി റിട്ട് ഹര്‍ജി ആണ് ഫയല്‍ ചെയ്തത്.

എന്നാല്‍ റിട്ട് ഹര്‍ജിയില്‍ കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കാന്‍ ആവശ്യമെങ്കില്‍ ഗോസ്വാമിക്ക് അധികാരപ്പെട്ട കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അധികാര കേന്ദ്രങ്ങളോട് സത്യം വിളിച്ച്‌ പറയാനുളള മൗലികമായ അവകാശം മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടെന്നും എന്നാല്‍ എന്തും വിളിച്ച്‌ പറയാനുള്ള അവകാശമല്ലിതെന്നും ഹര്‍ജിയില്‍ വിധി പ്രസ്താവിച്ച്‌ കൊണ്ട് കോടതി വ്യക്തമാക്കി.

കേസ് സിബിഐക്ക് കൈമാറണമെന്ന ഗോസ്വാമിയുടെ ആവശ്യവും സുപ്രീം കോടതി നിരാകരിച്ചു. അതേസമയം അര്‍ണാബ് ഗോസ്വാമിക്കെതിരേ ഇതേ വിഷയത്തില്‍ മറ്റ് സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സുകള്‍ സുപ്രീം കോടതി റദ്ദാക്കി. ഏപ്രില്‍ 21 ന് ചാനലില്‍ നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ഇനി ഒരിടത്തും കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. അര്‍ണാബ് ഗോസ്വാമിയുടെ അറസ്റ്റ് മൂന്ന് ആഴ്ചത്തേക്ക് കോടതി തടഞ്ഞു.

error: Content is protected !!