കണ്ണൂരിൽ ഇനി മൂന്ന് ഹോട്ട്‌സ്‌പോട്ടുകള്‍ മാത്രം ; ഒരാള്‍ക്ക് രോഗമുക്തി

കണ്ണൂർ : ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 10ല്‍ നിന്ന് മൂന്നായി കുറഞ്ഞു. നേരത്തേയുണ്ടായിരുന്ന കതിരൂര്‍, പാട്യം പഞ്ചായത്തുകളും പുതുതായി പട്ടികയിലുള്‍പ്പെട്ട കേളകം പഞ്ചായത്തുമാണ് നിലവില്‍ ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകള്‍. കൂത്തുപറമ്പ്, പാനൂര്‍ മുനിസിപ്പാലിറ്റികളും ഏഴോം, കോട്ടയം, കുന്നോത്തുപറമ്പ്, മൊകേരി, പാപ്പിനിശ്ശേരി, പെരളശ്ശേരി പഞ്ചായത്തുകളും പട്ടികയില്‍ നിന്നൊഴിവായി. ആഴ്ചയിലൊരിക്കലാണ് ഹോട്ട്‌സ്‌പോട്ട് പട്ടിക പുതുക്കുന്നത്.

അതിനിടെ, കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി കോവിഡ് ചികില്‍സാ കേന്ദ്രത്തിലുണ്ടായിരുന്ന പാട്യം സ്വദേശിയായ 37കാരനാണ് രോഗമുക്തി നേടിയത്. ഇതോടെ ജില്ലയില്‍ രോഗം ഭേദമായി ആശുപത്രി വിട്ടവര്‍ 117 ആയി. ഇതുവരെയായി ജില്ലയില്‍ നിന്നും 4580 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 4519 എണ്ണത്തിന്റെ ഫലം ലഭ്യമായി. 61 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

 

error: Content is protected !!