ടൊവിനോ ചിത്രത്തിന്‍റെ സെറ്റ് തകര്‍ത്ത്‌ ബജ്റംഗ്‌ദള്‍ പ്രവര്‍ത്തകര്‍

ടൊവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളി സിനിമാ സെറ്റ് പൊളിച്ച്‌ ബജ്റംഗ്‌ദള്‍ പ്രവര്‍ത്തകര്‍. ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റാണ് മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച്‌ തകര്‍ത്തത്. സെറ്റ് ക്ഷേത്രത്തിനു മുന്നില്‍ ആണെന്നാണ് ഇവരുടെ ആരോപണം. എഎച്ച്‌പി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഹരി പാലോട് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.

കാലടി മണപ്പുറത്ത് മഹാദേവന്‍്റെ മുന്നില്‍ ഇത്തരത്തില്‍ ഒന്ന് കെട്ടിയപ്പോള്‍ ഞങ്ങള്‍ പറഞ്ഞതാണ്,പാടില്ല എന്ന്. പരാതികള്‍ നല്‍കിയിരുന്നു. യാജിച്ച്‌ ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച്‌ കളയാന്‍ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം. സേവാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ക്കും, മാതൃകയായി പ്രവര്‍ത്തകര്‍ക്ക് ഒപ്പം നേതൃത്വം നല്‍കിയ രാഷ്ട്രീയ ബജ്റംഗദള്‍ എറണാകുളം വിഭാഗ് പ്രസിഡന്‍്റ് മലയാറ്റൂര്‍ രതീഷിനും അഭിനന്ദനങ്ങള്‍. മഹാദേവന്‍ അനുഗ്രഹിക്കട്ടെ എന്നാണ് ഹരി പാലോട് പോസ്റ്റില്‍ കുറിച്ചത്.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് കാലടി മണപ്പുറത്തെ സെറ്റ് കൂടം ഉപയോഗിച്ചും ഇരുമ്പുവടികളുമായും രാഷ്ട്രീയ ബജ്‌റംഗ്ദള്‍ തകര്‍ത്തത്. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയില്‍ സൂപ്പര്‍ ഹീറോ കഥാപാത്രമായാണ് ടൊവീനോ എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ആലുവ മണപ്പുറത്ത് രണ്ടാംഘട്ട ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്ററിന്റെ ബാനറില്‍ സോഫിയ പോളാണ് മിന്നല്‍ മുരളിയുടെ നിര്‍മ്മാണം.

ക്ഷേത്രം അധികൃതരില്‍ നിന്നും എല്ലാ വകുപ്പുകളില്‍ നിന്നും അനുമതി വാങ്ങിയാണ് കാലടി മണപ്പുറത്ത് സെറ്റ് ഇട്ടതെന്ന് നിര്‍മ്മാതാവ് അറിയിച്ചു. സിനിമയുടെ സെറ്റ് തകര്‍ത്ത് വിദ്വേഷ പ്രചാരണം നടത്തുന്നതിനെതിരെ ചലച്ചിത്ര മേഖലയില്‍ നിന്നും ധാരാളം പേര്‍ വിമര്‍ശനവുമായി എത്തിയിട്ടുണ്ട്.

error: Content is protected !!